വള്ളക്കടവ് (ഇടുക്കി): മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുന്നതിൽ കേന്ദ്ര സർക്കാരിന് അനുകൂല സമീപനമാണ് ഉള്ളതെന്ന് ഡീൻ കുര്യാക്കോസ് എംപി. പുതിയ ഡാം നിർമിക്കുന്നതിനുള്ള കേന്ദ്രത്തിന്റെ പാരിസ്ഥിതികാഘാത പഠനം നടക്കുന്നുണ്ടെന്നും തമിഴ്നാട് സഹകരിച്ചാൽ പുതിയ ഡാം യാഥാർത്ഥ്യമാകുമെന്നും മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച അഭിമുഖത്തിൽ ഡീൻ കുര്യാക്കോസ് പറഞ്ഞു.
കോടതിക്ക്പുറത്തുള്ള ഒത്തുതീർപ്പിലൂടെ മാത്രമേ ഈ പ്രശ്നം പരിഹരിക്കാനാവൂ എന്ന് സുപ്രീം കോടതി മുമ്പേ പറഞ്ഞിട്ടുള്ളതാണ്. പുതിയ അണക്കെട്ടെന്ന കേരളത്തിന്റെ ആവശ്യത്തോട് കേന്ദ്രം മുഖം തിരിച്ചിട്ടില്ല. പാർലമെന്റിൽ ഈ പ്രശ്നം ഉന്നയിച്ചപ്പോൾ അതിനു തയ്യാറാണെന്നാണ് കേന്ദ്രമന്ത്രി നൽകിയ മറുപടി. ഇപ്പോൾത്തന്നെ പാരിസ്ഥിതികാഘാത പഠനം നടക്കുന്നുണ്ട്. പഠനം പൂർത്തിയായാലും തമിഴ്നാട് കൂടി അംഗീകരിക്കുന്ന ഫോർമുലയ്ക്കേ സുപ്രീം കോടതി അനുമതി നൽകൂ. തമിഴ്നാടിനെ കൂട്ടിക്കൊണ്ട് ഒരു ഒത്തുതീർപ്പിലെത്തിയാൽ കേന്ദ്രത്തെയും ഒപ്പം കൊണ്ടുവരാനും ഈ വിഷയത്തിൽ പ്രശ്നപരിഹാരം ഉണ്ടാക്കാനും നമുക്കാകും, എംപി വ്യക്തമാക്കി.
മുല്ലപ്പെരിയാർ വിഷയത്തിൽ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്നും ഡീൻ ആരോപിച്ചു. സുപ്രീംകോടതി2014-ൽ ജലനിരപ്പ്142 അടിയായി നിശ്ചയിക്കുമ്പോൾ തന്നെ കേരളത്തിന് അനുകൂലമായ പല കാര്യങ്ങളും അനുവദിച്ചിരുന്നു. മേൽനോട്ട സമിതിയിൽ കേരളത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തിയത് ഭാവിയിൽ നമ്മുടെ ആവശ്യങ്ങൾ ഉന്നയിക്കുന്നതിനായിരുന്നു. എന്നാൽ അത് വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്താൻ കേരളത്തിനായില്ല.
തമിഴ്നാട് റൂൾ കർവ് നിലനിർത്തിയിട്ടില്ല. ഇക്കാര്യം മേൽനോട്ട സമിതി മോണിട്ടർ ചെയ്യണമെന്ന നിർദേശവും നടന്നിട്ടില്ല. അണക്കെട്ടിന്റെ ബലക്ഷയം തെളിയിക്കാനാകാതെപോയതാണ് അന്ന് നമുക്ക് തിരിച്ചടിയായത്. ഇത് ശാസ്ത്രീയമായി പരിശോധിക്കുന്നതിനുള്ള ഉപകരണങ്ങൾ സ്ഥാപിച്ചിട്ടില്ല. തമിഴ്നാടിന്റെ വീഴ്ചകൾ സുപ്രീം കോടതിയിൽ എത്തിക്കാൻ സാധിച്ചില്ലെന്നത് സർക്കാരിന്റെ പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights:Center ready to built new dam, An environmental impact study is underway- Dean Kuriakose