തിരുവനന്തപുരം > ചെറിയാൻ ഫിലിപ്പ് വീണ്ടും കോൺഗ്രസിലെത്തി. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം. 2001 ൽ ജയസാധ്യത ഇല്ലാത്ത സീറ്റ് നൽകിയതിൽ പ്രതിഷേധിച്ചായിരുന്നു ചെറിയാൻ കോൺഗ്രസ് വിട്ടത്. തുടർന്ന് ഇടത് സഹയാത്രികനായി. 2001 ൽ ഉമ്മൻചാണ്ടിക്കെതിരെ പുതുപ്പള്ളിയിലും, 2006 ൽ ജോസഫ് എം പുതുശ്ശേരിക്കെതിരെ കല്ലൂപ്പാറയിലും ഇടത് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
തന്റെ അധ്വാനത്തിന്റെ മൂലധനം കോൺഗ്രസിലുണ്ട്. അന്ന് പറഞ്ഞ കാര്യങ്ങൾ ഇന്ന് കോൺഗ്രസ് നടപ്പാക്കിയിരിക്കുന്നു. ഇന്നലെ കെപിസിസി അധ്യക്ഷൻ കോൺഗ്രസിലേക്കു ക്ഷണിച്ചതായും ചെറിയാൻ ഫിലിപ് പ്രതികരിച്ചു. രാവിലെ എ കെ ആന്റണിയെ കണ്ടശേഷമാണ് ചെറിയാൻ ഫിലിപ്പ് വാർത്താസമ്മേളനത്തിന് എത്തിയത്. ചെറിയാൻ തിരിച്ച് വരുന്നതിൽ സന്തോഷമുണ്ടെന്ന് ആന്റണി പറഞ്ഞു. എന്നാൽ രാജ്യസഭ സീറ്റ് ലഭിക്കുമെന്ന് കരുതുന്നില്ല, തന്റെ പിൻഗാമിയല്ല ചെറിയാനെന്നും ആന്റണി പ്രതികരിച്ചു.