ഇടുക്കി: മുല്ലപ്പെരിയാർ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തുറക്കുന്ന ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചില്ലെന്ന് ഇടുക്കി എം.പി ഡീൻ കുര്യാക്കോസിന്റെ പരാതി. ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട ഒരു അവലോകന യോഗത്തിലേക്കും തന്നെ ക്ഷണിക്കാത്തതിൽ സ്ഥലം എം.പി എന്ന നിലയിൽ പ്രതിഷേധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാർ ഡാം ഷട്ടറുകൾ തുറക്കുമ്പോൾ അവിടെ പോകേണ്ട കാര്യമില്ല. എന്നാൽ ജനങ്ങളുടെ കാര്യം സംബന്ധിച്ച അവലോകനയോഗങ്ങളിൽ ക്ഷണിച്ചിട്ടില്ല. ജനങ്ങൾക്കൊപ്പം നിൽക്കുന്ന വ്യക്തിയാണെന്നും ഡീൻ പ്രതികരിച്ചു.
അതേസമയം ഡീൻ കുര്യാക്കോസിനെ മുല്ലപ്പെരിയാറിലേക്ക് പോകാൻ ക്ഷണിച്ചിരുന്നുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചു. ഫോണിൽ താൻ തന്നെയാണ് ഡീൻ കുര്യാക്കോസിനെ നേരിട്ട് വിളിച്ചതെന്നും ഇതിൽ അനാവശ്യ വിവാദങ്ങളുടെ കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം എം.പിയെ വിളിച്ചു. രാവിലെ റവന്യു മന്ത്രി കെ രാജൻ കൂടി എത്തിയ ശേഷം ഒരുമിച്ച് അവിടേക്ക് പോകാമെന്നും പറഞ്ഞു. സംസ്ഥാനത്തിന്റെ മുഴുവൻ താൽപര്യമുള്ള വിഷയമാണിതെന്നും എല്ലാവരും ഒരുമിച്ച് നിൽക്കണമെന്ന് നിയമസഭയിൽ തീരുമാനിച്ച കാര്യമാണെന്നും മന്ത്രി പറഞ്ഞു.
Content Highlights: Dean Kuriakose mp complaints about not being invited to mullaperiyar