തിരുവനന്തപുരം
സർക്കാർ പണം നൽകുന്ന കോളേജുകൾക്ക് ഗുണനിലവാരമുണ്ടെന്ന് ഉറപ്പാക്കേണ്ട ബാധ്യതയാണ് സർക്കാർ നിറവേറ്റുന്നതെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു പറഞ്ഞു. സർക്കാരിന്റെയും സർവകലാശാലയുടെയും ഇടപെടലിൽ ഗുണമേന്മ ഉറപ്പാകുമ്പോൾ ഇവയ്ക്ക് സ്വയം സ്വതന്ത്രരാകുന്ന നിലയിൽ ഓട്ടോണമി നൽകും. യുജിസി റെഗുലേഷൻ അതേപടി നടപ്പാക്കുന്നത് ഡയറക്ട് പേമെന്റ് എഗ്രിമെന്റിന് വിരുദ്ധമാകും. സർവകലാശാലാ ഭേദഗതി ബില്ലിന്റെ ചർച്ചയ്ക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി.
അക്കാദമിക് ഓട്ടോണമിക്കുമേൽ കടന്നുകയറുന്ന നിർദേശം ബില്ലിൽ ഇല്ല. കോളേജുകൾ നിർദേശിക്കുന്ന കോഴ്സുകളുടെ ഗുണനിലവാരം ഉറപ്പാക്കാനുള്ള ബാധ്യത സർക്കാരിനും സർവകലാശാലകൾക്കുമുണ്ട്. പാഠ്യക്രമവും പാഠ്യപദ്ധതിയും രൂപകൽപ്പന ചെയ്യാൻ അനുവദിക്കുമ്പോൾത്തന്നെ വിദ്യാർഥികൾ കബളിപ്പിക്കപ്പെടാതിരിക്കാനുള്ള ജാഗ്രത അനിവാര്യമാണ്. ഇതിനാവശ്യമായ നിലയിൽ സാമൂഹ്യ–- വൈജ്ഞാനിക മേഖലകളിൽ വൈദഗ്ധ്യമുള്ള ഒരാളുടെ സാന്നിധ്യം ബന്ധപ്പെട്ട സമിതിയിൽ ഉറപ്പുവരുത്തുന്നതാണ് ബിൽ. ഗുണനിലവാരം ഉറപ്പാക്കാനാണ് ഐക്യുഎസി (ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ). വിദ്യാർഥികൾക്കായി പരാതിപരിഹാര സംവിധാനവുമുണ്ട്.
ജനാധിപത്യവിരുദ്ധമായ സംഭവങ്ങൾ ക്യാമ്പസുകളിലുണ്ടാകുമ്പോൾ ഇതിനെതിരെ പ്രതികരിക്കാനും വിദ്യാർഥികളെ പ്രപ്തരാക്കിയത് വിദ്യാർഥി സംഘടനകളാണെന്നും മന്ത്രി പറഞ്ഞു.