തിരുവനന്തപുരം
മത്സ്യമേഖലയുമായി ബന്ധപ്പെട്ട നാല് ബിൽ നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. കേരള മത്സ്യലേലവും വിപണനവും ഗുണനിലവാര പരിപാലനവും, കേരള ഫിഷറീസിനും സമുദ്രപഠനങ്ങൾക്കുമുള്ള സർവകലാശാല (ഭേദഗതി), കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ (ഭേദഗതി), കേരള ഉൾനാടൻ ഫിഷറീസും അക്വാ കൾച്ചറും (ഭേദഗതി) ബില്ലാണ് സബ്ജക്ട് കമ്മിറ്റിക്ക് വിട്ടത്. മന്ത്രി സജി ചെറിയാനാണ് ബിൽ അവതരിപ്പിച്ചത്.
ഉൾനാടൻ മത്സ്യമേഖലയുടെ വികസനം, സംരക്ഷണം, പരിപാലനം ഉറപ്പാക്കുന്നതും ഫിഷറീസ് മാനേജ്മെന്റ് ഉപദേശക സമിതി പുനഃസംഘടിപ്പിക്കാനും വ്യവസ്ഥ ചെയ്യുന്നതാണ് കേരള ഉൾനാടൻ ഫിഷറീസും അക്വാകൾച്ചറും (ഭേദഗതി) ബിൽ. ഉൾനാടൻ മത്സ്യത്തിന് ന്യായവില ഉറപ്പാക്കുന്നു. കേരള മത്സ്യലേലവും വിപണനവും പരിപാലനവും ബില്ലിൽ മത്സ്യത്തൊഴിലാളിക്ക് ന്യായമായ വില ഉറപ്പാക്കുന്നു. ഫിഷ് ലാൻഡിങ് സെന്റർ, ഹാർബർ, മത്സ്യ മാർക്കറ്റ് എന്നിവയുടെ നടത്തിപ്പിനും പരിപാലനത്തിനും മാനേജ്മെന്റ് സംവിധാനം ഉറപ്പുനൽകുന്നു. ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചർ റിസർച്ചിന്റെ ആക്ടിന് അനുസൃതമായി കേരള ഫിഷറീസ് സർവകലാശാലാ ആക്ടിൽ മാറ്റം വ്യവസ്ഥ ചെയ്യുന്നതാണ് കേരള ഫിഷറീസിനും സമുദ്രപഠനങ്ങൾക്കുമുള്ള സർവകലാശാല (ഭേദഗതി) ബിൽ. മത്സ്യബന്ധന നിയന്ത്രണ നിയമം ലംഘിക്കുന്ന നൗകകൾക്ക് ഈടാക്കുന്ന പിഴ നിരക്ക് കുറയ്ക്കുന്നതാണ് കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ (ഭേദഗതി) ബിൽ. പിഴ കൂടുതലാണെന്നും അത് കുറയ്ക്കണമെന്നും മത്സ്യത്തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.