കെയ്റോ
സൈനിക അട്ടിമറിയെ വിമർശിച്ച ആറ് നയതന്ത്രജ്ഞരെ പുറത്താക്കി സുഡാൻ സൈന്യം. അമേരിക്ക, യൂറോപ്യൻ യൂണിയൻ, ഫ്രാൻസ് എന്നിവിടങ്ങളിലേക്കുള്ള ദൂതന്മാരെ ഉൾപ്പെടെ പുറത്താക്കി.
ഖത്തർ, ചൈന, യുഎൻ സ്ഥാനപതികളെയും പുറത്താക്കിയതായി അട്ടിമറിക്ക് നേതൃത്വം നൽകിയ ജന. അബ്ദേൽ ഫത്താ ബുർഹാൻ അറിയിച്ചു. അട്ടിമറിയെത്തുടർന്ന് പ്രധാനമന്ത്രി അബ്ദല്ല ഹാംഡോക്കിന് പിന്തുണ പ്രഖ്യാപിച്ചവരാണ് പിരിച്ചുവിടപ്പെട്ട ഉദ്യോഗസ്ഥർ.
അട്ടിമറിയെ അപലപിച്ച് സുഡാനു പുറത്തുള്ള 30 നയതന്ത്ര ഉദ്യോഗസ്ഥർ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. സിവിൽ ഏവിയേഷൻ അതോറിറ്റി മേധാവി അദ്ലാൻ ഇബ്രാഹിമിനെയും ബുർഹാൻ പുറത്താക്കി. ബുധനാഴ്ചമുതൽ ഖാർത്തൂം അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചു.
ശനിയാഴ്ചവരെ സർവീസ് ഉണ്ടാകില്ലെന്ന് വ്യോമയാന അതോറിറ്റി മുമ്പ് അറിയിച്ചിരുന്നു. രാജ്യത്ത് ജനകീയ പ്രതിഷേധം തുടരുകയാണ്.