ദുബായ്
മുട്ടുകുത്തൽ പ്രതിഷേധത്തിൽനിന്ന് പിന്മാറിയതിൽ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ക്വിന്റൺ ഡി കോക്ക് മാപ്പ് പറഞ്ഞു. വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽനിന്ന് ഡി കോക്ക് പിന്മാറിയത് വിവാദമായിരുന്നു. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് വിശദീകരണവും തേടി. ഈ സാഹചര്യത്തിലായിരുന്നു ഇരുപത്തെട്ടുകാരന്റെ ഖേദപ്രകടനം. വംശവെറിയനായി കാണരുതെന്നും ഡി കോക്ക് അഭ്യർഥിച്ചു.
‘എന്റെ കൂട്ടുകാരോട് ഞാൻ മാപ്പ് പറയുന്നു. ആരാധകരോടും മാപ്പ്. ആരെയും അവഹേളിച്ചിട്ടില്ല. എല്ലാവരെയും ബഹുമാനിക്കുന്നു. മറ്റുള്ളവർക്കായി മുട്ടുകുത്തി നിൽക്കുന്നതിൽ സന്തോഷം മാത്രം. വിൻഡീസിനെതിരെ കളിക്കാത്തതിൽ ദുഃഖമുണ്ട്. എന്റെ പ്രവൃത്തി കാരണം വേദനയും ദേഷ്യവും തോന്നിയിട്ടുണ്ടെങ്കിൽ ഖേദം അറിയിക്കുന്നു’–- ഡി കോക്ക് പറഞ്ഞു.
വംശവെറിയൻ എന്ന് വിളിക്കുന്നതിൽ വേദനയുണ്ടെന്നും ഡി കോക്ക് പ്രതികരിച്ചു. ‘തെറ്റിദ്ധാരണയുടെ പുറത്ത് എന്നെ വംശവെറിയൻ എന്ന് വിളിക്കുന്നതിൽ വലിയ വേദനയുണ്ട്. അതെന്റെ കുടുംബത്തെ നോവിച്ചു. ഗർഭിണിയായ ഭാര്യയെ വേദനിപ്പിച്ചു. സമത്വമാണ് ഏതിനെക്കാളും വലുത്’. ശനിയാഴ്ച ശ്രീലങ്കയുമായാണ് ദക്ഷിണാഫ്രിക്കയുടെ അടുത്ത മത്സരം. ഡി കോക്ക് കളിക്കുമെന്നാണ് സൂചന. ക്യാപ്റ്റൻ ടെംബ ബവുമയെയും ഡി കോക്ക് പ്രശംസിച്ചു.