തിരുവനന്തപുരം> കേരളം ഇന്നുകാണുന്ന പ്രത്യേകതകള്‍ കൈവരിച്ചത് വാഗ്ഭടാനന്ദ ഗുരുവിനെ പോലുള്ള മഹത്തുക്കളുടെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളിലൂടെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അവരുടെ ജീവിതം സമൂഹത്തെ ജീര്‍ണതയില്‍നിന്നു മാറ്റിയെടുക്കുന്നതിന് ഉഴിഞ്ഞുവച്ചതായിരുന്നു. അവര്‍ ധാരാളം എതിര്‍പ്പുകള്‍ നേരിട്ടതായി ചരിത്രം പറയുന്നുണ്ട്. എന്നാല്‍ ലക്ഷ്യത്തില്‍ നിന്നു പിന്മാറാന് അവര്‍ തയാറായില്ല. ആ ഉദ്യമങ്ങളുടെ ഭാഗമായാണ് രാജ്യം ശ്രദ്ധിക്കുന്ന പ്രത്യേക സമൂഹമായി കേരളം മാറിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാഗ്ഭടാനന്ദ ഗുരുവിന്റെ ദീര്‍ഘദര്‍ശിത്വത്തിന്റെ തെളിവായാണ് അദ്ദേഹത്തിന്റെ അനുയായികള്‍ സ്ഥാപിച്ച ഊരാളുങ്കല്‍ സൊസൈറ്റി ഇന്നു ലോകത്തിനു മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കെ ജയകുമാര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി നിര്‍മ്മിച്ച ‘വാഗ്ഭടാനന്ദഗുരുദേവന് – നവോത്ഥാനത്തിന്റെ അരുണോദയകാഹളം’ എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനോദ്ഘാടനവും ഡിവിഡി പ്രകാശനവും നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ കമലിന്റെ അധ്യക്ഷതയില്‍ വിഖ്യാതചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന് ഡിവിഡി ഏറ്റുവാങ്ങി. സംവിധായകനായ കെ. ജയകുമാറിനെ യു.എല്‍.സി.സി.എസ്. ചെയര്മാന് രമേശന് പാലേരി ഉപഹാരം നല്കി ആദരിച്ചു. ജയകുമാറിന്റെ മറുപടി പ്രസംഗത്തിനുശേഷം ഡോക്യുമെന്ററിയുടെ പ്രഥമപ്രദര്‍ശനം നടന്നു. മുഖ്യമന്ത്രിയും മുന്‍മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്, രാമചന്ദ്രന് കടന്നപ്പള്ളി, കെപി മോഹനന് തുടങ്ങിയവരും അനവധി സാമൂഹിക, സാംസ്ക്കാരിക, രാഷ്ട്രീയനായകരും പ്രദര്‍ശനം കണ്ടു.
കേരളനവോത്ഥാനചരിത്രത്തിലെ ഉദയതേജസായ ഗുരു വാഗ്ഭടാനന്ദന് ആദ്ധ്യാത്മികദര്‍ശനത്തെ ഭൗതികസാമൂഹികജീവിതത്തില് പ്രയോഗവത്ക്കരിച്ചതിലൂടെ വരുത്തിയ മാറ്റം ഡോക്യുമെന്ററി ആവിഷ്ക്കരിക്കുന്നു. മറ്റ് ആദ്ധ്യാത്മികചിന്തകരില്‍നിന്നു വ്യത്യസ്തനായി അനീതികള്‍ക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ചു പോരാട്ടങ്ങള്‍ നടത്തിയ കര്‍മ്മയോഗിയായ ഗുരുവിന്റെ പുതിയകാലത്തെ പ്രസക്തിയിലേക്കു വിരല്‍ ചൂണ്ടുന്നതാണ് ഈ ഒരുമണിക്കൂര്‍ ചിത്രം.
ആത്മീയാചാര്യന് എന്ന നിലയില്‍നിന്ന് സാമൂഹികപരിഷ്ക്കര്‍ത്താവും നവോത്ഥാനനായകനും എന്ന പദവിയിലേക്കു വികസിച്ച സവിശേഷവും അവിസ്മരണീയവും പ്രചോദകവുമായ ജീവിതവും ദര്‍ശനവും പ്രവര്‍ത്തനങ്ങളും ലോകത്തെ പരിചയപ്പെടുത്തുന്ന ചിത്രം കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദത്തിലെ സാമൂഹികാവസ്ഥയും വരച്ചുകാട്ടുന്നു.
വടക്കേമലബാറിലെ പാട്യത്ത് വയലേരി ചീരുവമ്മയുടെയും സംസ്കൃതപണ്ഡിതനും കവിയും പുരോഗമനചിന്താഗതിക്കാരനും ആയിരുന്ന തേനങ്കണ്ടി വാഴവളപ്പില്‍ കോരന് ഗുരിക്കളുടെയും മകനായി 1885 ഏപ്രില്‍ 27-നു ജനിച്ച കുഞ്ഞിക്കണ്ണന് വാഗ്ഭടാനനദനായി വളര്‍ന്നത് ആഴത്തിലുള്ള പഠനത്തിലൂടെ ആര്‍ജ്ജിച്ച അസാമന്യമായ വാഗ്വിലാസംകൊണ്ടാണ്. ആ വാഗ്ചാതുരിയില്‍ വിസ്മയിച്ച് ബ്രഹ്മാനന്ദശിവയോഗിയാണ് ഒരു ശ്ലോകത്തിലൂടെ വാഗ്ഭടാനന്ദനെന്നു നാമകരണം ചെയ്യുന്നത്.
‘ക്ഷണമെഴുന്നേല്പിന്! അനീതിയോടെതിര്‍പ്പിന്‍!’ എന്ന പ്രാര്‍ത്ഥന ചൊല്ലിപ്പഠിപ്പിച്ച് വടകരയ്ക്കടുത്ത് കാരയ്ക്കാട്ട് അദ്ദേഹം രൂപം നല്കിയ ‘ആത്മവിദ്യാസംഘം’ പരിഷ്ക്കരണപ്രവര്ത്തനങ്ങളിലാണ് ഊന്നിയത്. ഇതില്‍ അസ്വസ്ഥരായ ജാതിമേധാവിത്വം അവര്‍ക്കു തൊഴിലും വിദ്യാഭ്യാസവും വായ്പയും ജീവിതംതന്നെയും നിഷേധിച്ചു. അതിനെ നേരിടാന്‍ അവര്‍ തുടങ്ങിയ സ്കൂളൂം വായ്പയ്ക്കുള്ള ‘ഐക്യനാണയസംഘ’വും തൊഴിലിനുള്ള ‘ഉരാളുങ്കല്‍ കൂലിവേലക്കാരുടെ പരസ്പരസഹായസംഘ’വും ഗുരുവിന്റെ ദീര്‍ഘദര്‍ശനം വിളംബരം ചെയ്തു വളര്ന്നുനില്ക്കുന്നു. ഈ കൂലിവേലക്കാരുടെ സംഘമാണ് ഇന്നത്തെ ‘ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് സൊസൈറ്റി’.
ശ്രീനാരായണഗുരുവിന്റെ നിലപാടിനെ സ്വാധീനിച്ച ഇരുവരുടെയും ചരിത്രപ്രസിദ്ധമായ സംവാദവും ഡോക്യുമെന്ററി പുനരാവിഷ്ക്കരിക്കുന്നു. കര്‍ഷകസംഘം അടക്കം പലതിനും പ്രചോദനമായ ഗുരുവിനു കേരളചരിത്രത്തില്‍ അര്‍ഹമായ സ്ഥാനം ഉറപ്പിക്കാന്‍ പോന്നതാണ് ഡോക്യുമെന്ററി.
ഗുരുവിന്റെ രചനകളെയും അദ്ദേഹത്തിന്റെ ജീവിതവും ദര്‍ശനവും ആവിഷ്ക്കരിക്കുന്ന ഗ്രന്ഥങ്ങളെയും ലേഖനങ്ങളെയും ഓര്‍മ്മക്കുറിപ്പുകളെയും അധികരിച്ചും ചരിത്രപണ്ഡിതരും ആത്മവിദ്യാസംഘത്തിന്റെ മുതിര്‍ന്ന പ്രവര്‍ത്തകരും കാരക്കാട്ടെയും പരിസരങ്ങളിലെയും മുതിര്‍ന്ന തലമുറയില്പ്പെട്ടവരുമൊക്കെയായി ദീര്‍ഘമായി സംസാരിച്ചുമാണ് ഡോക്യുമെന്ററിയുടെ ഉള്ളടക്കം വികസിപ്പിച്ചിട്ടുള്ളത്.
ഡോക്യുമെന്ററിയുടെ സഹസംവിധാനം അജയ് ശിവറാമും ഛായാഗ്രഹണം സി. ആര്. പ്രതാപനും എഡിറ്റിങ് സുരാജ് രാജേന്ദ്രനും നിര്‍വഹിച്ചിരിക്കുന്നു. പ്രൊഫസര്‍ അലിയാര്, രാജശ്രീ വാര്യര്‍, ശ്രീകുമാര്‍ മുഖത്തല, ഗിരീഷ് പുലിയൂര് എന്നിവരാണു ശബ്ദം നല്‍കിയത്. കാവാലം ശ്രീകുമാറും കല്ലറ ഗോപനും ആലപിച്ചിരിക്കുന്ന ഡോക്യുമെന്ററിയിലെ ഗാനങ്ങള്‍ക്കു സംഗീതം നല്‍കിയിരിക്കുന്നത് കല്ലറ ഗോപനാണ്. പശ്ചാത്തലസംഗീതം ഒ. എസ്. സുനില്‍കുമാറും. എന്‍. ഹരികുമാര്‍ ശബ്ദമിശ്രണവും മിഥുന് റിഷാന് സൗണ്ട് ഡിസൈനും അനി എം. അര്ജുന് മ്യൂസിക് റെക്കോര്‍ഡിങ്ങും നിര്‍വ്വഹിച്ചിരിക്കുന്ന ഡോക്യുമെന്ററിയുടെ ഇലസ്ട്രേഷനുകള് ഭട്ടതിരി, ആലിസ് മഹാമുദ്ര, ഹരി വര്‍മ്മ, മഹേഷ് നമ്പ്യാര്‍ എന്നിവര്‍ ചെയ്തിരിക്കുന്നു.
വാതില്‍പ്പുറചിത്രീകരണം ചിത്രാഞ്ജലിയിലും സ്റ്റുഡിയോ ശ്രീ മൂവീസിലും കളറിങ് വിസ്റ്റ വിഎഫ്എക്സിലുമാണ്.