തിരുവനന്തപുരം> അസംഘടിത മേഖലയിലെ കാര്‍ഷികേതര സംരംഭങ്ങളില്‍ കോവിഡ് അടച്ചുപൂട്ടല്‍ ഏല്‍പ്പിച്ച ആഘാതം സംബന്ധിച്ച് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് അഡീഷണല്‍ ചീഫ് സെക്രട്ടറി ടീക്കറാം മീണയ്ക്ക് നല്കി പ്രകാശിപ്പിച്ചു. വകുപ്പ് ഡയറക്ടര്‍ പി പി സജീവ് പങ്കെടുത്തു.
ഉല്‍പ്പാദന, വ്യാപാര, സേവന മേഖലകളില്‍ ഉള്‍പ്പെട്ട 9261 സ്ഥാപനത്തില്‍ നിന്നുമാണ് വിവരശേഖരണം നടത്തിയത്. അടച്ചിടല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതുമൂലം അസംഘടിത മേഖലയിലെ പ്രവൃത്തി ദിവസങ്ങളില്‍ 2020 ഏപ്രിലില്‍ ഉണ്ടായ നഷ്ടം 84 ശതമാനമാണ്. രണ്ടാംഘട്ട അടച്ചിടല്‍ സമയത്ത്, മേയ് 2021 -ല്‍ പ്രവൃത്തി ദിവസങ്ങളില്‍ 72 ശതമാനം നഷ്ടമായി കുറഞ്ഞു. ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചത് മറ്റു സേവന മേഖലകളിലാണ്. 2020 ല്‍ 59 ശതമാനം നഷ്ടം സംഭവിച്ചപ്പോള്‍ 2021 ല്‍ അത് 57 ശതമാനമായി കുറഞ്ഞു.
അടച്ചിടല്‍ നിയന്ത്രണങ്ങളിലെ ഇളവുകള്‍ പ്രയോജനപ്പെടുത്തിയതുമൂലം അസംഘടിത മേഖലയിലെ തൊഴില്‍ നഷ്ടം ഈ വര്‍ഷം കുറഞ്ഞു. തദ്ദേശീയ തൊഴിലാളികളാണ് മെച്ചപ്പെട്ട പ്രതിരോധം കാഴ്ചവച്ചത്. കഴിഞ്ഞവര്‍ഷം അടച്ചിടലില്‍ 81 ശതമാനം അതിഥിത്തൊഴിലാളികള്‍ക്കും, 73 ശതമാനം തദ്ദേശീയ തൊഴിലാളികള്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടു. 2021ല്‍ അത് യഥാക്രമം 65, 45 ശതമാനമായി കുറഞ്ഞു.
വരുമാന നഷ്ടത്തിലും ഗണ്യമായ കുറവുണ്ടായി. 2020 കാലഘട്ടത്തില്‍ 79 ശതമാനമാണ് വരുമാന നഷ്ടം. രണ്ടാംഘട്ടത്തില്‍ 68 ശതമാനമായി. അടച്ചുപൂട്ടല്‍ ഇളവുകളില്‍ വരുമാനം വര്‍ധിച്ചു. 2020 ജൂലൈയിലെ 41 ശതമാനം വരുമാന നഷ്ടം കഴിഞ്ഞ ജൂലൈയില്‍ 35 ശതമാനമായി. കടബാധിതര്‍ ആദ്യഘട്ടത്തില്‍ 34 ശതമാനമായിരുന്നത് ഈവര്‍ഷം 31 ആയി. 2020ലെ കടബാധിതരില്‍ 26 ശതമാനം കടം തിരിച്ചടച്ചു. ഒമ്പത് ശതമാനം പേര് പുതിയതായി കടക്കാരായി. 2020ല്‍ 90 ശതമാനം പേരും കടം തിരിച്ചടവ് മുടങ്ങിയപ്പോള്‍ 2021 ല്‍ അത് 80 ശതമാനമായി കുറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ അവസരോചിതമായ ഇടപെടലുകളും നയരൂപീകരണവും ഈ മേഖലകളില്‍ കോവിഡ് സൃഷ്ടിച്ച ആഘാതം പരിധിവരെ ലഘൂകരിക്കുന്നതായും റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു.