കോഴിക്കോട്: പന്തീരങ്കാവ് യു.എ.പി.എ കേസിൽ താഹ ഫസലിന് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ രണ്ടാം പ്രതിയാണ് താഹ. കേസിൽ ഒന്നാം പ്രതിയായ അലൻ ശുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻ.ഐ.എ ആവശ്യംകോടതി തള്ളി.
ജസ്റ്റിസ് അജയ് റസ്തോഗിയും ജസ്റ്റിസ് ശ്രീനിവാസും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. താഹ ഫസലിനെ എത്രയും വേഗം വിചാരണ കോടതിയിൽ ഹാജരാക്കി തുടർ നടപടികൾ പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു.വിധിയുടെ പൂർണരൂപം കോടതിയിൽ വായിച്ചില്ല. ഈ രണ്ട് പ്രസക്ത ഭാഗങ്ങൾ മാത്രമാണ് വായിച്ചത്.
2019 നവംബറിലാണ് പന്തീരങ്കാവ് യു.എ.പി.എ കേസിന്റെ ഭാഗമായി താഹ ഫസലിനെയും അലൻ ശുഹൈബിനെയും പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് കേസന്വേഷണം എൻ.ഐ.എ ഏറ്റെടുത്തിരുന്നു. ഇരുവർക്കും പിന്നീട് വിചാരണക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
പിന്നീട് താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കുകയും അലൻ ശുഹൈബിന്റെ ജാമ്യം ശരിവെക്കുകയുമായിരുന്നു. ഈ നടപടിയെ ചോദ്യം ചെയ്ത് ഹർജികളാണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്.
Content Highlights: Thaha Fazal got bail in Pantheerankavu UAPA case