കൊച്ചി
ആൾക്കൂട്ടവും ആരവങ്ങളുമില്ലാതെ 95–-ാം പിറന്നാൾമധുരമുണ്ട് മലയാളിയുടെ സാംസ്കാരിക ജീവിതത്തിലെ സൗമ്യസാന്നിധ്യം പ്രൊഫ. എം കെ സാനു. കോവിഡ് മുക്തനായി വിശ്രമത്തിലായിരുന്നെങ്കിലും ലോകമെമ്പാടുംനിന്ന് ഫോണിലൂടെ പ്രവഹിച്ച പിറന്നാൾ ആശംസകൾക്കെല്ലാം നന്ദിയറിയിച്ചു. ചാവറ കൾച്ചറൽ സെന്ററിൽ ഒത്തുകൂടി പിറന്നാൾമധുരം പങ്കിട്ട ശിഷ്യർക്കും സുഹൃത്തുക്കൾക്കുമൊപ്പം അദ്ദേഹം ഓൺലൈനിൽ പങ്കാളിയായി.
ആരോഗ്യവും അസൗകര്യങ്ങളും വകവയ്ക്കാതെ പൊതുപരിപാടികളിൽ ഉൾപ്പെടെ പങ്കെടുക്കുന്നതാണ് മാഷിന്റെ രീതി. പിറന്നാൾപോലുള്ള വിശേഷദിവസങ്ങളിൽ കാരിക്കാമുറിയിലെ ‘സന്ധ്യ’യിൽ തിരക്കൊഴിയാറില്ല. ക്ഷേമാന്വേഷണവും ആശംസകളുമായി വീട്ടിലെത്താറുള്ളവർ ഇക്കുറി അതിൽനിന്നെല്ലാം സ്വയം വിട്ടുനിന്നാണ് സ്നേഹം പ്രകടിപ്പിച്ചത്. മന്ത്രിമാരും രാഷ്ട്രീയ, സാംസ്കാരിക നേതാക്കളുമടക്കം നിരവധിപേർ ഫോണിൽ ആശംസ നേർന്നു.
കോവിഡ് മുക്തനായാലും കുറച്ചുദിവസംകൂടി പൊതുപരിപാടികളിൽനിന്ന് വിട്ടുനിൽക്കണമെന്ന് മാഷിനോട് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചിരുന്നു. രോഗബാധിതനായി ആശുപത്രിയിൽ കഴിയുമ്പോഴായിരുന്നു ഇത്. മുഖ്യമന്ത്രിയുടെ സ്നേഹത്തോടെയുള്ള നിർദേശത്തിന് വഴങ്ങാൻ തീരുമാനിച്ചതോടെ ചാവറ കൾച്ചറൽ സെന്ററിൽ സാംസ്കാരിക കൊച്ചി സംഘടിപ്പിച്ച വിപുലമായ ആഘോഷപരിപാടികളിലും ഭേദഗതി വരുത്തി. വീട്ടിലെത്തി പിറന്നാൾ ആശംസ നേരുന്നത് ഒഴിവാക്കാനും അവർ ആവശ്യപ്പെട്ടിരുന്നു.
ഭാര്യ രത്നമ്മയും മക്കളായ രഞ്ജിത്തും രേഖയും ഗീതയും സീതയും അടുത്ത കുടുംബസുഹൃത്തുക്കളും ഉൾപ്പെടെ പതിനഞ്ചോളംപേർ മാത്രമാണ് പിറന്നാളിന് വീട്ടിലുണ്ടായിരുന്നത്. അവർക്കൊപ്പം മാഷ് പിറന്നാൾ സദ്യയുണ്ടു. പകൽ മുഴുവൻ പിറന്നാൾ ആശംസകൾ നേർന്നുള്ള ഫോൺകോൾ പ്രവാഹമായിരുന്നു. എല്ലാവർക്കും മാഷുതന്നെ നന്ദി പറഞ്ഞു.
ചാവറ കൾച്ചറൽ സെന്ററിലെ ആഘോഷത്തിൽ മേയർ എം അനിൽകുമാർ, സാനുമാഷിന്റെ മക്കളായ രഞ്ജിത്, രേഖ, ഗീത എന്നിവർ ചേർന്ന് കേക്ക് മുറിച്ചു. പ്രൊഫ. എം തോമസ് മാത്യു, ഡി ബി ബിനു, ഫാ. തോമസ് പുതുശേരി, തനൂജ ഭട്ടതിരി, ബണ്ടി സിങ്, സിഐസിസി ജയചന്ദ്രൻ, ടി എം എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.