തിരുവനന്തപുരം
സഹകരണസംഘം ജീവനക്കാരുടെ നിയമനത്തിന് പൊലീസ് റിപ്പോർട്ട് നിർബന്ധമാക്കണമെന്ന് വിദഗ്ധ സമിതി നിർദേശം. ഇതടക്കം സംസ്ഥാന സഹകരണ നിയമത്തിൽ 51 വകുപ്പിലായി 121 ഭേദഗതി നിർദേശിച്ച്, നാലംഗ സമിതി റിപ്പോർട്ട് മന്ത്രി വി എൻ വാസവന് കൈമാറി. സംഘങ്ങളിലെ പരിശോധന, ഓഡിറ്റ്, അന്വേഷണം എന്നിവ കാര്യക്ഷമവും സമയബന്ധിതവുമാക്കാനുള്ള നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്. ഓഡിറ്റിൽ കണ്ടെത്തുന്ന ക്രമക്കേടുകൾ വിജിലൻസ് ഓഫീസർക്കോ പൊലീസിലോ റിപ്പോർട്ട് ചെയ്യണം. നഷ്ടം ഉത്തരവാദികളിൽനിന്ന് ഈടാക്കുന്നത് മേൽനോട്ട ഉദ്യോഗസ്ഥന്റെ ചുമതലയാക്കണം. കർക്കശവും സമയബന്ധിതവുമായ പരിശോധനയ്ക്ക് പ്രത്യേക സംഘം വേണം. അനുബന്ധ, പങ്കാളിത്ത സ്ഥാപനങ്ങളിലും പരിശോധനയും ഓഡിറ്റും നിർബന്ധമാക്കണം. ഒരു സംഘത്തിൽ തുടർച്ചയായി രണ്ട് ഓഡിറ്റ് കാലയളവിൽ കൂടുതൽ ഒരേ ഓഡിറ്റർ പാടില്ല.
സഹകരണ വിജിലൻസ് ഓഫീസർക്ക് സിആർപിസി പ്രകാരം നടപടിയെടുക്കാൻ അധികാരം നൽകണം. ഒരു അന്വേഷണവും ആറുമാസം അധികരിക്കരുത്.
ഭരണസമിതിയിൽ രണ്ടുതവണയേ തുടർ അവസരം ലഭിക്കാവൂവെന്ന് വ്യവസ്ഥപ്പെടുത്തണം. മൂന്നിലൊന്നുഭാഗം സ്ത്രീകളാകണം. സഹകരണ യൂണിയൻ തെരഞ്ഞെടുപ്പ് നടത്തേണ്ടത് സഹകരണ തെരഞ്ഞെടുപ്പ് കമീഷനാകണം. സഹകരണ യൂണിയൻ ജീവനക്കാരെയും പെൻഷൻ പദ്ധതിയുടെ ഭാഗമാക്കണം.
ഇൻഫർമേഷൻ ഓഡിറ്റ്, മൈഗ്രേഷൻ ഓഡിറ്റ്, ഹാർഡ്വെയർ, സോഫ്റ്റ്വെയർ പരിശോധന, ഏകീകൃത സോഫ്റ്റ്വെയർ, ആസ്തി വിലനിർണയത്തിന് സ്വതന്ത്ര പാനൽ തുടങ്ങി നിർദേശങ്ങളും സമിതി മുന്നോട്ടുവച്ചു.
മുൻ അഡീഷണൽ രജിസ്ട്രാർ ജോസ് ഫിലിപ്പ്, സഹകരണ പരിശീലനകേന്ദ്രം മുൻ പ്രിൻസിപ്പൽ മദനചന്ദ്രൻനായർ, മുൻ അസിസ്റ്റന്റ് രജിസ്ട്രാർ എൻ ജി പ്രദീപ് കുമാർ എന്നിവർ അംഗങ്ങളായും സഹകരണ സംഘം രജിസ്ട്രാർ ഓഫീസിലെ ലാ ഓഫീസർ കൺവീനറുമായുള്ള സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.