തിരുവനന്തപുരം
പുതിയ കാലത്ത് എഴുത്ത് ഒരു രാഷ്ട്രീയ പ്രവർത്തനമാണെന്ന് സാഹിത്യകാരൻ ബെന്യാമിൻ. ആ ബോധ്യത്തിൽ നിൽക്കുമ്പോഴാണ് എഴുത്തുകാരന് ധൈര്യം പകർന്നുകിട്ടുന്നത്. എഴുത്തുകാർ ഭീഷണികൾ നേരിട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. അഭിപ്രായങ്ങൾ പ്രകടിപ്പിക്കുമ്പോൾ അവാർഡ് മോഹമായും സ്ഥാനമോഹമായും വിലയിരുത്തുന്നു. എഴുത്തുകാരെ മൗനത്തിലാക്കാനുള്ള ശ്രമമാണിത്. പൗരനെന്ന നിലയിലുള്ള സ്വാതന്ത്ര്യ അവകാശത്തിൻമേലുള്ള കൈകടത്തലാണ്. തനിക്ക് അത്തരം ആരോപണങ്ങളിൽ ഭയമില്ലന്നും അദ്ദേഹം പറഞ്ഞു.
45––ാമത് വയലാർ രാമവർമ സാഹിത്യ പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വയലാർ രാമവർമ മെമ്മോറിയൽ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരൻ ബെന്യാമിന് അവാർഡ് സമ്മാനിച്ചു. മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ എന്ന കൃതിക്കാണ് അവാർഡ് ലഭിച്ചത്. ഒരു ലക്ഷം രൂപയും ശിൽപ്പി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമിച്ച ശിൽപ്പവും പ്രശസ്തി പത്രവുമാണ് പുരസ്കാരം. ട്രസ്റ്റ് സെക്രട്ടറി സി വി ത്രിവിക്രമൻ, വൈസ് പ്രസിഡന്റ് ജി ബാലചന്ദ്രൻ, അംഗങ്ങളായ കെ ജയകുമാർ, ബി സതീശൻ തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് ദേവരാജൻ മാസ്റ്റർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കല്ലറ ഗോപൻ, പന്തളം ബാലൻ, ശ്രീറാം, ബിജോയ് എം നായർ ഗോകുൽ ഹർഷൻ, സരിത രാജീവ്, നാരായണി ഗോപൻ, ശ്രുതി സതീവൻ, രേഷ്മാ രാഘവേന്ദ്രൻ എന്നീ ഗായകരെ പങ്കെടുപ്പിച്ച് വയലാർ ഗാനസന്ധ്യയും അരങ്ങേറി. മദ്രാസിലെ ആശാൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് മലയാളം ഐച്ഛികവിഷയമായെടുത്ത് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി 10––ാം ക്ലാസ് പാസായ അർച്ചനയ്ക്ക് 5000 രൂപയുടെ സ്കോളർഷിപ് നൽകി.