കൊച്ചി: പ്രജാപിതാ ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ കേരളത്തിലെ സ്ഥാപകനും ആചാര്യസ്ഥാനീയനുമായ രാജയോഗി ബ്രഹ്മാകുമാർ വാസൻ ഭായ്ജി (75) അന്തരിച്ചു. ബുധനാഴ്ച വൈകീട്ട് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
കൊല്ലം ഓച്ചിറ സ്വദേശിയാണ്. ഇന്ത്യൻ എയർഫോഴ്സിൽ സേവനമനുഷ്ഠിച്ചുവരുമ്പോഴാണ് ബ്രഹ്മകുമാരീസിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായത്. രാജയോഗിയായി മാറിയ അദ്ദേഹം പിന്നീട് ജോലി രാജിവെച്ച് ബ്രഹ്മകുമാരീസിന്റെ സേവനപ്രവർത്തനങ്ങളുടെ ഭാഗമായി മാറി.
1973-ൽ ബ്രഹ്മാകുമാരീസിന് വേണ്ടി ജീവിതം സ്വയംസമർപ്പിച്ച വാസൻ കേരളത്തിൽ ബ്രഹ്മാകുമാരീസിന്റെ സേവനപ്രവർത്തനങ്ങൾക്ക് നാല് ദശാബ്ദങ്ങളായി ചുക്കാൻ പിടിച്ചുവരികയായിരുന്നു. കേരളത്തിലങ്ങോളമിങ്ങോളം നിരവധി രാജയോഗ സേവാകേന്ദ്രങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ എറണാകുളം-തൃശൂർ ബ്രഹ്മാകുമാരീസിന്റെ ഡയറക്ടർ ആണ്.
വ്യാഴാഴ്ച രാവിലെ 10 മണിവരെ ബ്രഹ്മാകുമാരീസ് ഇടപ്പള്ളി സേവാകേന്ദ്രത്തിലും ശേഷം നെടുമ്പാശ്ശേരിയിലുള്ള ബ്രഹ്മാകുമാരീസിന്റെ രാജയോഗഭവനത്തിലും ദർശനത്തിന് വച്ചതിനുശേഷം വൈകുന്നേരം മൂന്നുമണിയോടെ കപ്രശ്ശേരിയിലെ പൊതുശ്മശാനത്തിൽ സംസ്കാരച്ചടങ്ങുകൾ നടക്കും.