പള്ളിത്തോട്ടത്തു നിന്നും കാറിൽ എത്തിയതായിരുന്നു കുടുംബം. മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരുമായിരുന്നു കാറിൽ ഉണ്ടായിരുന്നത്. സംഘത്തിലെ പുരുഷന്മാരിൽ ഒരാൾ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. കച്ചവടം നടത്തുന്ന വൃദ്ധനിൽ നിന്നും ഇയാൾ കപ്പലണ്ടി വാങ്ങുകയും കുറച്ചു നേരം കഴിഞ്ഞ ശേഷം കപ്പലണ്ടിക്ക് എരിവില്ലെന്നു പറഞ്ഞ് തിരികെ നൽകുകയുമായിരുന്നു. കപ്പലണ്ടി തിരികെ വാങ്ങാൻ വൃദ്ധനായ കച്ചവടക്കാരൻ തയ്യാറായില്ല. കൊവിഡ് കാലമായതിനാൽ കപ്പലണ്ടി തിരികെ വാങ്ങാൻ സാധിക്കില്ലെന്ന് കച്ചവടക്കാരൻ പറഞ്ഞു.
ഇതോടെ യുവാവ് കപ്പലണ്ടി വൃദ്ധന്റെ മുഖത്തേക്ക് എറിയുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. പിന്നാലെ വൃദ്ധനെ ആക്രമിച്ച യുവാവിനെ ഒരാൾ ഇടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. തുടർന്ന് വിഷയത്തിൽ കൂടുതൽ ആളുകൾ ഇടപെട്ടതോടെയാണ് സംഘർഷാവസ്ഥ ഉണ്ടായത്. സംഘർഷത്തിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ ഏഴോളം പേർക്കാണ് പരിക്കേറ്റതെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.
സംഭവം അറിഞ്ഞെത്തിയ പോലീസ് ഏറെ നേരം പരിശ്രമിച്ചാണ് സംഘർഷാവസ്ഥ ശമിപ്പിച്ചത്. പരിക്കേറ്റവരെ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെ പള്ളിത്തോട്ടം പോലീസ് സ്റ്റേഷനിലേക്കും ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്കും കൊണ്ടുപോയി. പൊതുസ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ടാക്കിയതിന് സ്വമേധയാ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.
കേസെടുക്കുമെന്ന് നേരത്തെ പോലീസ് വ്യക്തമാക്കിയതോടെ പരാതിയില്ലെന്ന നിലപാടാണ് ഇരുകൂട്ടരും സ്വീകരിച്ചത്. അമ്മയും മകനും മരുമകനും ബന്ധുവായ സ്ത്രീയുമാണ് കാറിൽ എത്തിയത്. സംഘർഷത്തിനിടെ അമ്മയ്ക്ക് സാരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്.