കോട്ടക്കൽ സ്റ്റേഷൻ പരിധിയിൽ പതിനേഴ് വയസുള്ള പ്ലസ് ടു വിദ്യാർത്ഥിനിയാണ് കുഞ്ഞിനെ പ്രസവിച്ചത്. ഒക്ടോബർ 24 ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. 20-ാം തിയ്യതി സ്വന്തം വീട്ടിൽ വെച്ചാണ് പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയത്. യൂട്യൂബ് നോക്കിയാണ് കുഞ്ഞിന്റെ പൊക്കിൾകൊടി മുറിച്ചതെന്ന് പെൺകുട്ടി മൊഴി നൽകിയതായി ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതർ പറഞ്ഞു.
പെൺകുട്ടി ഗർഭിണിയായ വിവരം വീട്ടുകാർ അറിഞ്ഞിരുന്നില്ലെന്നാണ് അധികൃതർ പറയുന്നത്. അധിക സമയവും പെൺകുട്ടി മുറിയിൽ കയറി വാതിൽ അടച്ചിരിക്കുകയായിരുന്നു. ഓൺലൈൻ ക്ലാസ് നടക്കുന്നതിനാൽ വീട്ടുകാർ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകിയിരുന്നില്ല. പിതാവ് സെക്യൂരിറ്റി ജിവനക്കാരനും മാതാവ് കാഴ്ചപരിമിതിയുള്ള വ്യക്തിയുമാണ്. അതിനാൽത്തന്നെ ഗർഭിണിയാണെന്ന് വീട്ടുകാർ അറിയാതെയാണ് കഴിഞ്ഞ എട്ടു മാസവും പെൺകുട്ടി കഴിഞ്ഞിരുന്നതെന്നാണ് അധികൃതർ പറയുന്നത്. പെൺകുട്ടിയെ പീഡിപ്പിച്ചയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
അമിത രക്തസ്രാവത്തെ തുടർന്നാണ് പെൺകുട്ടിയേയും നവജാത ശിശുവിനേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ പെൺകുട്ടിയുടേയും കുഞ്ഞിന്റേയും ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നില്ലെങ്കിൽ പെൺകുട്ടിയുടെ ജീവൻ നഷ്ടമാകുമായിരുന്നുവെന്നാണ് അധികൃതർ പറയുന്നത്. തന്നെ അയൽവാസി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടിയുടെ മൊഴി. പ്രസവത്തിനു മുമ്പ് രണ്ട് തവണ പെൺകുട്ടി ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ടെന്നാണ് മീഡിയാ വൺ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മാതാവിനോടൊപ്പം ആശുപത്രിയിൽ പോയ പെൺകുട്ടി താൻ ഗർഭിണിയാണെന്ന വിവരം മാതാവിനോട് മറച്ചുവെച്ചിരുന്നു. ഗർഭിണിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചികിത്സിച്ച ആശുപത്രിക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ പറഞ്ഞു.