തൃശ്ശൂർ: മദ്യപിച്ച് വീട്ടിലെത്തിയ ഭർത്താവ് ഭാര്യയെ പൊതിരെ തല്ലുന്നുവെന്ന പരാതി അന്വേഷിക്കാനാണ് തൃശ്ശൂർ മെഡിക്കൽ കോളേജ് പോലീസ് എത്തിയത്. പരാതിക്കാരിയുടെ വീട്ടിലെത്തിയ പോലീസ് രക്ഷിച്ചതാകട്ടെ ഭർത്താവിനെയും. ഒക്ടോബർ 25ന് രാത്രി 11 മണിക്കാണ് പോലീസിന് പരാതി ലഭിച്ചത്. പട്രോളിങ്ങിലുണ്ടായിരുന്ന സബ് ഇൻസ്പെക്ടർ പി.പി. ബാബുവും സിവിൽ പോലീസ് ഓഫീസർ കെ.കെ. ഗിരീഷും ഉടൻ സ്ഥലത്തേക്കു പോയി.
പോലീസുകാർ അവിടെയെത്തുമ്പോൾ വീടിനുപുറത്ത് പോലീസിനെ കാത്തുനിൽക്കുകയായിരുന്നു യുവതി. ഭർത്താവ് സ്ഥിരം മദ്യപിച്ച് തന്നെ ഉപദ്രവിക്കാറുണ്ടെന്ന് അവർ പോലീസിനോട് പറഞ്ഞു. ഭർത്താവിനെ അന്വേഷിച്ച് ചെന്നപ്പോൾ ഉള്ളിൽനിന്ന് പൂട്ടിയ മുറിയിൽ ഫാനിൽ തൂങ്ങിമരിക്കാൻ ശ്രമിക്കുന്നതാണ് കണ്ടത്.
ഉടൻ പോലീസുദ്യോഗസ്ഥർ വാതിൽ തകർത്ത് ഭർത്താവിനെ രക്ഷിച്ച് പോലീസ് ജീപ്പിൽത്തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.യുവാവ് അപകടനില തരണംചെയ്തിട്ടുണ്ട്. ഒരു മിനിറ്റെങ്കിലും വൈകിയിരുന്നെങ്കിൽ ഇയാളുടെ ജീവൻ നഷ്ടമാകുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Content Highlights: police arrived on lady`s complaint against husband but rescues him in the end