കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിന്റെ കൈവശമുണ്ടായിരുന്ന ശബരിമല ചെമ്പോല പരിശോധിക്കാൻ പ്രത്യേക സംഘം വേണമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ). തൃശൂരിലെ ആർക്കിയോളജിക്കൽ യൂണിറ്റാണ് എ.എസ്.ഐ ഡയറക്ടർക്ക് കത്ത് നൽകിയത്. എ.എസ്.ഐ ഉദ്യോഗസ്ഥരും ഒപ്പം സംസ്ഥാന പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് മോൻസന്റെ പക്കലുണ്ടായിരുന്ന പുരാവസ്തുക്കളുടെ പരിശോധന നടത്തിയത്.
എ.എസ്.ഐ തൃശ്ശൂർ, കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. പരിശോധന റിപ്പോർട്ട് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നില്ല. ശബരിമല സംബന്ധിച്ച വിഷയമായതിനാൽ ചെമ്പോല തിട്ടൂരത്തിന്റെ കാലപ്പഴക്കം നിശ്ചയിക്കാൻ വിശദമായ പരിശോധന വേണമെന്നും ഇതിന് വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തേണ്ടതുണ്ടെന്നുമാണ് കത്തിൽ പറയുന്നത്. ഇതിന് പ്രത്യേക സംഘത്തെ നിയോഗിക്കണം. എല്ലാ മേഖലയിലേയും വിദഗ്ധരെ ഉൾപ്പെടുത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. ശബരിമല പ്രക്ഷോഭവേളയിലാണ് ചെമ്പോല പുറത്ത് വന്നത്.
ചെമ്പോല മോൻസന്റെ സുഹൃത്ത് സന്തോഷിന് കൈമാറിയത് താനാണെന്ന് നേരത്തെ തൃശൂർ സ്വദേശി ഗോപാലകൃഷ്ണൻ അവകാശപ്പെട്ടിരുന്നു. 300 വർഷം പഴക്കമുള്ള ചെമ്പോലയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തിയിരുന്നെന്നും പുരാവസ്തു കച്ചവടക്കാരനായ ഗോപാലകൃഷ്ണൻ അവകാശപ്പെട്ടിരുന്നു. ചെമ്പോല വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നും ചെമ്പോല യഥാർത്ഥമാണെന്ന് സംസ്ഥാന സർക്കാർ അവകാശപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചിരുന്നു.
Content Highlights: needs detailed examination by expert team in sabarimala chembola says ASI