ടോക്യോ
നീണ്ട കാത്തിരിപ്പിനും വിവാദങ്ങള്‍ക്കുമൊടുവില്‍ ജപ്പാന് രാജകുമാരി കാമുകനെ വിവാഹം കഴിച്ചു. രാജകുടുംബവുമായി ബന്ധമില്ലാത്ത സഹപാഠി കെയ് കൊമുറോയെ വിവാഹം കഴിച്ചതോടെ ജപ്പാന് ചക്രവര്‍ത്തി നറുഹിതോയുടെ സഹോദരപുത്രിയായ മാകോയ്ക്ക് രാജകുടുംബാംഗമെന്ന സ്ഥാനം നഷ്ടമായി. രാജ കുടുംബത്തിലെ അംഗമായതിനാല്‍ ലഭിക്കേണ്ട സമ്പാദ്യവും മുപ്പതുകാരി വേണ്ടെന്നുവച്ചു. പരമ്പരാഗത ചടങ്ങുകളെല്ലാം ഒഴിവാക്കി. മറ്റെന്തിനേക്കാളും വിലമതിക്കുന്നതാണ് കൊമുറോയ്ക്കൊപ്പമുള്ള ജീവിതമെന്ന് അവര്‍ വിവാഹശേഷം പറഞ്ഞു. ദമ്പതികള്‍ ന്യൂയോര്‍ക്കിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്.
കൊമുറോയെ വിവാഹം കഴിക്കാനുള്ള തീരുമാനം 2017ലാണ് അവര്‍ പ്രഖ്യാപിച്ചത്. എന്നാല്‍, കെയ് കൊമുറോയുടെ അമ്മയുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ഇടപാടും തര്‍ക്കങ്ങളും രാജകുടുംബത്തിന് നാണക്കേടാകുമെന്ന വിമര്‍ശമുയര്‍ന്നതോടെ വിവാഹം മാറ്റിവയ്ക്കുകയായിരുന്നു.