ആലപ്പുഴ
പിറന്ന നാടിന്റെ മോചനത്തിനായി ജീവൻ ത്യജിച്ച വയലാറിലെ അമരന്മാർക്ക് ബുധനാഴ്ച പ്രണാമം അർപ്പിക്കും. സർ സി പി രാമസ്വാമി അയ്യരുടെ പട്ടാളത്തിന്റെ നിറതോക്കിനു മുന്നിൽ പതറാത്ത ആ വീരപോരാട്ടത്തിന് 75 വർഷം. പുന്നപ്രയിലും കാട്ടൂരിലും മാരാരിക്കുളത്തും മേനാശേരിയിലും ഒളതലയിലും ഏറ്റുമുട്ടി മരിച്ച രണധീരർക്കൊപ്പം ബുധനാഴ്ച വയലാറിലെ വീരപോരാളികളുടെ സ്മരണയും ജ്വലിച്ചുയരും. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും പിറന്ന മണ്ണിൽ മനുഷ്യനായി ജീവിക്കാനുള്ള അവകാശത്തിനും പോരാടി ചുടുചോരയാൽ ചരിത്രമെഴുതിയ വയലാർ രക്തസാക്ഷിദിനത്തോടെയാണ് വാരാചരണ സമാപനം.
പുന്നപ്ര രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽനിന്ന് വയലാറിലേക്കുള്ള ദീപശിഖ ബുധൻ രാവിലെ ഒമ്പതിന് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ജി സുധാകരൻ കൊളുത്തി നൽകും.
മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽ നിന്നുള്ള ദീപശിഖ രാവിലെ ഒമ്പതിന് എസ് ബാഹുലേയൻ കൊളുത്തി നൽകും. അത്ലീറ്റുകൾ നയിക്കുന്ന ദീപശിഖാ പ്രയാണത്തെ പൂക്കൾ അർപ്പിച്ച് നാടും നഗരവും വരവേൽക്കും. ദീപശിഖകളെ അനുഗമിച്ച് ബഹുജനങ്ങളും തൊഴിലാളികളും വയലാറിൽ ഒന്നിക്കും. പകൽ 11ന് വാരാചരണ കമ്മിറ്റി പ്രസിഡന്റ് എൻ എസ് ശിവപ്രസാദ് ദീപശിഖകൾ ഏറ്റുവാങ്ങി വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിക്കും. തുടർന്ന് പുഷ്പാർച്ചന.
പകൽ മൂന്നിന് വയലാർ രാമവർമ അനുസ്മരണ സമ്മേളനം നടക്കും. വൈകിട്ട് അഞ്ചിന് പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുടങ്ങിയവർ സംസാരിക്കും.
1946 ഒക്ടോബർ 27 ന് സർ സിപിയുടെ പട്ടാളക്കാർ വയലാറിൽ നടത്തിയ വെടിവയ്പിൽ നൂറുകണക്കിന് പോരാളികളാണ് രക്തസാക്ഷികളായത്. ചൊവ്വാഴ്ച മാരാരിക്കുളം രക്തസാക്ഷിസ്മരണ പുതുക്കി.