ഷാർജ
ട്വന്റി–-20 ലോകകപ്പ് ക്രിക്കറ്റിൽ പാകിസ്ഥാൻ കുതിക്കുന്നു. ന്യൂസിലൻഡിനെ അഞ്ച് വിക്കറ്റിന് വീഴ്ത്തി തുടർച്ചയായ രണ്ടാംജയം കുറിച്ചു. ഗ്രൂപ്പ് രണ്ടിൽ ഒന്നാമതെത്തി സെമി പ്രതീക്ഷ സജീവമാക്കി പാക് പട. ന്യൂസിലൻഡ് ഉയർത്തിയ 135 റൺ വിജയലക്ഷ്യം എട്ട് പന്ത് ബാക്കിനിൽക്കേ മറികടന്നു. ഷോയിബ് മാലിക്കും (20 പന്തിൽ 27*) ആസിഫ് അലിയുമാണ് (12 പന്തിൽ 27*) ജയം സമ്മാനിച്ചത്. നാല് വിക്കറ്റെടുത്ത പേസർ ഹാരിസ് റൗഫാണ് ന്യൂസിലൻഡിനെ മെരുക്കിയത്.
സ്കോർ: ന്യൂസിലൻഡ് 8–134, പാകിസ്ഥാൻ 5–135 (18.4)
ജയത്തിലേക്ക് ബാറ്റ് വീശിയ പാകിസ്ഥാൻ തുടക്കം വിറച്ചു. ക്യാപ്റ്റൻ ബാബർ അസമിനെ (11 പന്തിൽ 9) വേഗം നഷ്ടമായി. മുഹമ്മദ് റിസ്വാൻ 34 പന്തിൽ 33 റണ്ണടിച്ചു. പിന്നാലെ എത്തിയവർക്കൊന്നും പിടിച്ചുനിൽക്കാനായില്ല. ഫഖർ സമാൻ (11), മുഹമ്മദ് ഹഫീസ് (11), ഇമാദ് വസീം (11) എന്നിവർ വേഗം മടങ്ങി. 15 ഓവറിൽ അഞ്ചിന് 87 എന്ന നിലിയിലായിരുന്നു അവർ. പിന്നീട് ഒത്തുചേർന്ന മാലിക്കും ആസിഫും പതറാതെ ജയത്തിലേക്ക് ബാറ്റ് വീശി. ഇരുവരും 23 പന്തിൽ 48 റണ്ണടിച്ചു. ആസിഫ് മൂന്ന് സിക്സർ പറത്തി.
ഷാർജയിൽ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് നിരയിൽ ആർക്കും തിളങ്ങാനായില്ല. 27 റൺ വീതമെടുത്ത ഡെവൺ കൊൺവേയും ഡാരിൽ മിച്ചെലുമാണ് അവരുടെ ടോപ്സ്കോറർമാർ. ക്യാപ്റ്റൻ കെയ്ൻ വില്യംസണെ (26 പന്തിൽ 25) ഹസൻ അലി റണ്ണൗട്ടാക്കിയത് നിർണായകമായി. നാലോവറിൽ 22 റൺ മാത്രം വിട്ടുനൽകിയാണ് റൗഫ് നാല് വിക്കറ്റെടുത്ത്.
ഇന്ത്യക്കെതിരായ 10 വിക്കറ്റ് ജയം നൽകിയ ആത്മവിശ്വാസവുമായി എത്തിയ പാകിസ്ഥാൻ ന്യൂസിലൻഡിനെതിരെയും മികച്ച പ്രകടനം തുടർന്നു. കഴിഞ്ഞമാസം പാകിസ്ഥാനിൽ പരമ്പരയ്ക്കെത്തിയ ന്യൂസിലൻഡ് മത്സരത്തിന് മിനിറ്റുകൾക്കുമുമ്പ് പിൻമാറിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്.