കല്‍പ്പറ്റ > സംസ്ഥാന സര്‍ക്കാരിന്റെ കീഴടങ്ങല്‍-പുനരധിവാസ പദ്ധതിയില്‍ മുഖ്യധാരയിലെത്തുന്ന മാവോവാദികള്‍ക്ക് ലഭിക്കുന്നത് അഞ്ചുലക്ഷം രൂപ വരെ. അര്‍ഹമായ തുകയുടെ പകുതി പണമായും ബാക്കി സ്ഥിരനിക്ഷേപമായും നല്‍കും. സ്ഥിരനിക്ഷേപം പണയാധാരമാക്കി സ്വയം തൊഴിലിനും മറ്റും വായ്പയെടുക്കാന്‍ അവസരമുണ്ടാകും. കീഴടങ്ങുന്ന വ്യക്തിക്ക് അഭിരുചിക്കനുസരിച്ച് തൊഴില്‍ പരിശീലനം നല്‍കും. മറ്റു തൊഴിലുകളില്‍ ഏര്‍പ്പെടാത്തപക്ഷം മൂന്നുവര്‍ഷം വരെ പരിശീലന കാലത്ത് മാസം 10,000 രൂപ വരെ അനുവദിക്കും.
ആയുധങ്ങള്‍ ഹാജരാക്കിയാല്‍ 35,000 രൂപ നല്‍കും. വീട്, വിദ്യാഭ്യാസച്ചെലവിന് പ്രതിവര്‍ഷം 15,000 രൂപ വരെയും നിയമപ്രകാരമുള്ള വിവാഹത്തിന് കാല്‍ലക്ഷം രൂപ വരെയും അനുവദിക്കും. നിയമ പിന്തുണ, കേസുകളുടെ അതിവേഗ കോടതികള്‍ മുഖേനയുള്ള തീര്‍പ്പ് എന്നിവയും പദ്ധതി വാഗ്ദാനങ്ങളാണ്.
ലഘുവായ കുറ്റകൃത്യങ്ങള്‍ക്കുള്ള കേസുകളില്‍ മാത്രം ഉള്‍പ്പെട്ടവരാണ് കബനി ദളത്തിലെ മാവോയിസ്റ്റ് കേഡറ്റുകളില്‍ പലരുമെന്ന് പൊലീസ് പറയുന്നു. എന്നാല്‍ നേതൃനിരയിലുള്ള ചിലര്‍ വലിയ കുറ്റകൃത്യങ്ങള്‍ നടത്തിയവരാണ്. ഇവരെ ഭയന്നാണ് മാവോയിസ്റ്റ് ദളങ്ങളിലെ കീഴ്ത്തട്ടിലുള്ളവര്‍ കീഴടങ്ങാത്തതെന്നാണ് പൊലീസ് അനുമാനം.
മാവോയിസം കാലഹരണപ്പെട്ടു: ലിജേഷ്
മാവോയിസം കാലഹരണപ്പെട്ട പ്രത്യയശാസ്ത്രമാണെന്ന് കീഴടങ്ങിയ ഡെപ്യൂട്ടി കമാൻഡന്റ് ലിജേഷ് പറഞ്ഞു. അത് നിരവധി ചെറുപ്പക്കാരെ വഴി തെറ്റിച്ചെന്നും ഐജിക്കൊപ്പം വാർത്താസമ്മേളനത്തിൽ ലിജേഷ് പറഞ്ഞു.
പുല്പ്പള്ളിയില്നിന്ന് പതിറ്റാണ്ടുകള്‍ മുമ്പ് കര്‍ണാടകയിലേക്ക് ഇഞ്ചിപ്പണിക്കുപോയ നിര്‍ധന കുടുംബത്തിലെ അംഗമാണ് നാലാം ക്ലാസ് വരെ പഠിച്ച ലിജേഷ്. ബാലനായിരിക്കെ കര്‍ണാടകയിലെത്തി. ഏഴു വര്‍ഷമായി മാവോയിസ്റ്റ് കബനി ദളത്തിലെ അംഗമാണ്. ഭാര്യയും മാവോയിസ്റ്റ് പ്രവര്‍ത്തകയാണ്. ഇവര്‍ കീഴടങ്ങിയിട്ടില്ല.
കീഴടങ്ങല്‍-പുനരധിവാസ പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുന്ന നോട്ടീസ് വയനാട് ഉള്‍പ്പെടെ മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങളിലെ പൊതു ഇടങ്ങളില്‍ പൊലീസ് നേരത്തേ പതിച്ചിരുന്നു.