തിരുവനന്തപുരം
വർഗീയ–- വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ നവംബർ ഒന്നുമുതൽ 20 വരെ സംസ്ഥാന വ്യാപകമായി സെക്യുലർ യൂത്ത്ഫെസ്റ്റിവൽ സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നവംബർ ഒന്നിന് ജില്ലാ കേന്ദ്രത്തിലും രണ്ടുമുതൽ 20 വരെ വില്ലേജ് കേന്ദ്രത്തിലുമാണ് പരിപാടി. മത –-സാമുദായിക നേതാക്കളും സാംസ്കാരിക നേതാക്കളും സംഘടനകളും സെക്യുലർ യൂത്ത് ഫെസ്റ്റിവലിന്റെ ഭാഗമാകും.
കൂത്തുപറമ്പ് രക്തസാക്ഷിത്വ ദിനമായ നവംബർ 25ന് ബ്ലോക്ക് കേന്ദ്രത്തിൽ വർഗീയതയ്ക്കും പൊതുമേഖല വിൽപ്പനയ്ക്കുമെതിരെ ‘സമരമാവുക’ എന്ന മുദ്രാവാക്യമുയർത്തി പരിപാടി സംഘടിപ്പിക്കും. മഴക്കെടുതിയിലകപ്പെട്ട കുടുംബങ്ങളെ സഹായിക്കാൻ ചൊവ്വയും ബുധനും പ്രത്യേക കൗണ്ടർ തുറന്ന് സാധനസാമഗ്രികൾ ശേഖരിക്കും. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലയിൽ കൗണ്ടർ പ്രവർത്തിക്കും. വാർത്താ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്, സെക്രട്ടറി എ എ റഹിം, ട്രഷറർ എസ് കെ സജീഷ്, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ കെ യു ജനീഷ്കുമാർ എംഎൽഎ, വി കെ സനോജ് എന്നിവർ പങ്കെടുത്തു.