തിരുവനന്തപുരം
പ്രളയക്കെടുതിയുണ്ടായ പ്രദേശങ്ങളിലുള്ളവർക്ക് നഷ്ടപരിഹാരത്തുകയ്ക്കു പുറമെ കൂടുതൽ സഹായം സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി കെ രാജൻ നിയമസഭയിൽ പറഞ്ഞു. ദുരന്തത്തിൽ മരിച്ചവരുടെ അവകാശികൾക്കും പരിക്കേറ്റവർക്കും നാശനഷ്ടമുണ്ടായവർക്കും സഹായത്തിന് അടിയന്തര നടപടിയുണ്ടായി. കൂട്ടിക്കലും കൊക്കയാറിലും ദുരന്തമുണ്ടായ ദിവസം കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പുണ്ടായിരുന്നില്ല. ഒക്ടോബർ 16ന് പകൽ 10 വരെ കേരളത്തിലെവിടെയും ചുവപ്പ് അലർട്ട് ഇല്ലായിരുന്നു. ഒരു ഏജൻസിയും അതിതീവ്രമഴ പ്രവചിച്ചിരുന്നില്ല. ജാഗ്രതാ മുന്നറിയിപ്പുണ്ടായ സ്ഥലങ്ങളിലെ മുന്നൊരുക്കവും അണക്കെട്ടുകളുടെ നിയന്ത്രണവും സ്തുത്യർഹമായ രീതിയിലാണ് സംസ്ഥാനം ചെയ്തത്. റൂൾ കർവ് കമ്മിറ്റി 17 യോഗം ചേർന്നിട്ടുണ്ടെന്നും തിരുവഞ്ചൂർ രാധാകൃഷ്ണന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി മന്ത്രി പറഞ്ഞു.