തിരുവനന്തപുരം
ഉന്നത വിജയം നേടിയ എല്ലാ വിദ്യാർഥികൾക്കും ഇഷ്ടവിഷയത്തിൽ പ്ലസ് വൺ പ്രവേശനം ഉറപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. എല്ലാവിഷയത്തിനും എ പ്ലസ് ലഭിച്ച 1,25,509ൽ 5812 വിദ്യാർഥികൾക്കാണ് ഇഷ്ടവിഷയം ലഭിക്കാനുള്ളത്. ഇവർ താൽപ്പര്യപ്പെടുന്ന സയൻസ് ഗ്രൂപ്പിന് വേണ്ടിവന്നാൽ തൽക്കാലിക ബാച്ച് അനുവദിക്കും. 20 ശതമാനം സീറ്റ് വർധിപ്പിച്ച ജില്ലയിലെ സർക്കാർ സ്കൂളുകളിൽ ആവശ്യമെങ്കിൽ 10 മുതൽ 20 ശതമാനംവരെ വർധന അനുവദിക്കും. കുട്ടികൾ പ്രവേശനത്തിനെത്താത്ത ബാച്ചും മറ്റ് ജില്ലയ്ക്ക് നൽകും. അടിസ്ഥാന സൗകര്യമുള്ള എയ്ഡഡ് / അൺ-എയ്ഡഡ് സ്കൂളുകളിലും നിബന്ധനകൾക്ക് വിധേയമായി 20 ശതമാനം സീറ്റ് വർധിപ്പിക്കും. പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ സപ്ലിമെന്ററി അലോട്ട്മെന്റ് ഘട്ടത്തിലെ അപേക്ഷയെ അടിസ്ഥാനമാക്കി താൽക്കാലിക ബാച്ചും അനുവദിക്കും.
സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചശേഷം സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങളിൽ കോഴ്സ് അടിസ്ഥാനത്തിൽ എത്ര പേർക്ക് സീറ്റ് ലഭിക്കണമെന്ന് കണക്കാക്കി സീറ്റ് ഉയർത്തും. പട്ടികവർഗ വിദ്യാർഥികൾക്കായി വയനാട് നല്ലൂർനാട് അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിലും കൽപ്പറ്റ (കണിയാംപറ്റ) ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ ഫോർ ഗേൾസിലും ഹ്യുമാനിറ്റീസ് ബാച്ച് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.