ഷാർജ
അഫ്ഗാനിസ്ഥാൻ സ്പിന്നർമാർക്ക് മുന്നിൽ സ്കോട്ലൻഡ് കറങ്ങിവീണു. മുജീബ് ഉർ റഹ്–മാനും റഷീദ് ഖാനും കളംപിടിച്ചപ്പോൾ സ്കോട്ലൻഡ് വിരണ്ടു. ട്വന്റി–20 ലോകകപ്പിൽ സ്–കോടിഷ് പടയെ130 റണ്ണിന് തകർത്ത് അഫ്ഗാൻ ഉജ്വലമായി തുടങ്ങി. മുജീബ് അഞ്ചും റഷീദ് നാലും വിക്കറ്റ് നേടി. അഫ്ഗാൻ ഉയർത്തിയ 191 റൺ വിജയലക്ഷ്യം പിന്തുടർന്ന സ്കോട്ലൻഡ് 10.2 ഓവറിൽ 60 റണ്ണിന് പുറത്തായി.
നാലോവറിൽ 20 റൺ വഴങ്ങിയാണ് മുജീബ് അഞ്ച് വിക്കറ്റ് നേടിയത്. റഷീദ് 2.2 ഓവറിൽ ഒമ്പത് റൺ മാത്രം വിട്ടുനൽകി നാല് വിക്കറ്റും. സ്കോർ: അഫ്ഗാൻ 4–190, സ്കോട്ലൻഡ് 60 (10.2). മൂന്ന് പേർ മാത്രമാണ് സ്–കോടിഷ് നിരയിൽ രണ്ടക്കം കടന്നുള്ളു. ജോർജ് മുൻസെ–25, കെെൽ കൊട്സെസെർ–10, ക്രിസ് ഗ്രീവ്സ്–12 എന്നിവർ മാത്രം. അഞ്ച് പേർ റണ്ണെടുക്കാതെ മടങ്ങി. പവർ പ്ലേയിൽ തന്നെ സ്പിന്നർമാരെ ഇറക്കിയാണ് അഫ്ഗാൻ കളംപിടിച്ചത്.
ടോസ് നേടി ബാറ്റെടുത്ത അഫ്ഗാൻനെ നജീബ് സദ്രാനും (34 പന്തിൽ 59) റഹ്മാനുള്ള ഗുർബാസുമാണ് (37 പന്തിൽ 46) മികച്ചനിലയിൽ എത്തിച്ചത്. മൂന്നാം വിക്കറ്റിൽ ഇരുവരും 87 റൺ ചേർത്തു. ഓപ്പണർമാരായ ഹസറതുള്ള സസായ് (30 പന്തിൽ 44), മുഹമ്മദ് ഷഹ്സാദ് (15 പന്തിൽ 22) എന്നിവരും മിന്നി. ബാറ്റിങ് തെരഞ്ഞെടുത്ത ക്യാപ്റ്റൻ മുഹമ്മദ് നബിയുടെ തീരുമാനം ശരിവച്ചു അഫ്ഗാൻ ബാറ്റർമാർ. സാസയ്–യും ഷഹ്സാദും നല്ല തുടക്കമിട്ടു. ഓപ്പണിങ് കൂട്ടുകെട്ടിൽ പിറന്നത് 54 റൺ. ഗ്രൂപ്പ് രണ്ടിൽമികച്ച ജയത്തോടെ അഫ്ഗാൻ ഒന്നാമതെത്തി. അടുത്ത കളിയിൽ സ്കോട്ലൻഡ് നമീബിയയെയും അഫ്ഗാൻ പാകിസ്ഥാനെയും നേരിടും.