തിരുവനന്തപുരം > മുല്ലപ്പെരിയാറിൽ സ്പില്‍വേ ഷട്ടര്‍ തുറന്ന് നിയന്ത്രിത അളവില്‍ വെള്ളം ഒഴുക്കണമെന്ന് ആവശ്യപ്പെട്ട് കേരളം തമിഴ്നാട് പൊതുമരാമത്ത് വകുപ്പിന് കത്തയച്ചു. തുലാവര്‍ഷം എത്തുമ്പോള്‍ ജലനിരപ്പ് വേഗത്തില്‍ ഉയരാന്‍ ഇടയുണ്ട്. അനിയന്ത്രിതമായി വെള്ളം ഒഴുക്കി വിടാനുള്ള സാഹചര്യം ഒഴിവാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കത്തില്‍ ആവശ്യപ്പെടുന്നു. അതേസമയം നാളെ തമിഴ്നാട് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട യോഗം ചേരുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു.
മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാനാണ് യോഗം ചേരുക. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജിന്റെ അധ്യക്ഷതയിലാണ് യോഗം. രാവിലെ 11 മണിക്ക് വണ്ടിപെരിയാറിലാണ് യോഗം ചേരുക. എഡിഎം, ജില്ലാ പൊലീസ് മേധാവി,തഹസില്‍ദാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
മുല്ലപ്പെരിയാറില്‍ ആവശ്യമായ മുന്‍കരുതല്‍ എടുത്തിട്ടുണ്ടെന്നും താലൂക്ക് അടിസ്ഥാനത്തില്‍ എല്ലാ സജ്ജീകരണവും സജ്ജവുമാണെന്നും മന്ത്രി പറഞ്ഞു. വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137.45 അടിയായി ഉയര്‍ന്നു. കഴിഞ്ഞ ദിവസങ്ങളായി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്.