പട്ടണക്കാട് > മഹാത്മാഗാന്ധിയെ വെടിവച്ച തോക്ക് മതനിരപേക്ഷ ശക്തികൾക്കെതിരെ ഇപ്പോഴും ഗർജിക്കുന്നുവെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. മേനാശേരി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് പൊന്നാംവെളിയിൽ ഓൺലൈനിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇറ്റലിയിലെ ഫാസിസ്റ്റു ഭരണാധികാരി മുസോളിനിയുടെ അനുഗ്രഹാശിസുകളോടെയാണ് ഗാന്ധിജിയെ വധിക്കാൻ തോക്ക് വാങ്ങിയത്. ഇതേ ഗാന്ധി വധത്തിന്റെ ഗൂഢാലോചനയിൽ പങ്കാളിയായ സവർക്കറിന്റെ ഛായാചിത്രം പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ സ്ഥാപിച്ച കാലത്താണ് നമ്മൾ ജീവിക്കുന്നത്. എതിർക്കുന്നവരെ നിശബ്ദരാക്കിയും കൊന്നുതള്ളിയും വർഗീയവൽക്കരണവുമായി മുന്നോട്ടുപോവുകയാണ് മോഡി സർക്കാർ. ജനജീവിതം ഇത്ര ദുസഹമായ മറ്റൊരു കാലമില്ല. അന്താരാഷ്ട്ര സമൂഹത്തിന്റെ മുന്നിൽ രാജ്യം നാണംകെട്ടു. പട്ടിണിയുടെ പട്ടികയിൽ അയൽക്കാരായ പാകിസ്ഥാനും ബംഗ്ലാദേശിനും പിന്നിലാണ് നമ്മൾ. എഫ്സിഐ ഗോഡൗണുകളിൽ ഭക്ഷ്യധാന്യം കെട്ടിക്കിടക്കുമ്പോഴാണ് ജനങ്ങൾ പട്ടിണി കിടക്കുന്നത്.
അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്നതായിരുന്നു പുന്നപ്ര വയലാർ സമരത്തിന്റെ രാഷ്ട്രീയ മുദ്രാവാക്യം. ഐതിഹാസികമായ തെലുങ്കാന സമരവും ഹിറ്റ്ലർക്കെതിരായ സോവിയറ്റ് യൂണിയന്റെ ചെറുത്തുനിൽപ്പും അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ തൊഴിലാളികൾക്ക് പ്രചോദനമായി. പട്ടാളത്തെ ഉപയോഗിച്ച് സമരത്തെ അടിച്ചമർത്തിയപ്പോൾ ഇനി കമ്യൂണിസ്റ്റുകാർ തലപൊക്കില്ല എന്നായിരുന്നു വീമ്പുപറച്ചിൽ. എന്നാൽ 10 വർഷത്തിനുശേഷം ഇതേ കമ്യൂണിസ്റ്റു പാർടി തന്നെ കേരളത്തിൽ അധികാരത്തിലെത്തി–- ബേബി പറഞ്ഞു.