കുമളി > മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് തിങ്കൾ വൈകിട്ട് ആറിന് 137.35 അടി പിന്നിട്ടു. രാവിലെ ആറിന് 137.20 ആയിരുന്നു. 138 അടി എത്തുന്നതോടെ രണ്ടാമത്തെ ജാഗ്രതാനിർദേശം നൽകും. 136 അടി എത്തിയ ശനിയാഴ്ച ആദ്യജാഗ്രത നിർദേശം നൽകി. 140ൽ എത്തിയാൽ ആദ്യ മുന്നറിയിപ്പ് നൽകും. 141ൽ രണ്ടാമത്തെയും 142ൽ മൂന്നാമത്തെയും മുന്നറിയിപ്പുകളും ഉണ്ടാകും. സുപ്രീംകോടതി ഭരണഘടന ബെഞ്ച് നിശ്ചയിച്ച 142 അടിക്ക് മുകളിൽ ജലനിരപ്പ് ഉയരുന്നത് ഒഴിവാക്കാൻ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ ഉയർത്തി അധികജലം പെരിയാറിലൂടെ ഇടുക്കിയിലേക്ക് ഒഴുക്കും.
സ്പിൽവേ ഷട്ടറുകൾ തുറക്കുന്ന സാഹചര്യമുണ്ടായാൽ പെരിയാർ തീരങ്ങളിലുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ചയും അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ പെയ്തതിനാൽ ജലനിരപ്പ് ഇനിയും ഉയരാനാണ് സാധ്യത. 2014ൽ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ജലനിരപ്പ് 142 അടിയായി ഉയർത്തിയശേഷം രണ്ടുതവണ ജലനിരപ്പ് അനുവദനീയമായ സംഭരണശേഷി എത്തിയതിനെ തുടർന്ന് ഇടുക്കിയിലേക്ക് ഒഴുക്കിയിരുന്നു.
തിങ്കൾ രാവിലെ ആറ് വരെയുള്ള 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിലേക്ക് സെക്കൻഡിൽ 3360 ഘനയടി വീതം വെള്ളം ഒഴുകിയെത്തി. തമിഴ്നാടിന് എടുക്കാവുന്ന പരമാവധി അളവായ 2200 ഘനയടി വീതം സെക്കൻഡിൽ കൊണ്ടുപോയി. നാല് പെൻസ്റ്റോക്ക് വഴി 1600 ഘനയടിക്ക് പുറമേ ഇറച്ചൽപാലം കനാലിലൂടെ 600 ഘനയടി എന്ന തോതിലാണ് ഇപ്പോൾ വെള്ളം കൊണ്ടുപോകുന്നത്. തിങ്കളാഴ്ച അണക്കെട്ട് മേഖലയിൽ മഴ റിപ്പോർട്ട് ചെയ്തില്ല.