തൃശൂർ > കോടികൾ വിലമതിക്കുന്ന ഇരുതലമൂരിയുമായി നാലുപേർ വനംവകുപ്പിന്റെ പിടിയിൽ. വടക്കൻപറവൂർ വല്ലത്തുപടിയിൽ സിദ്ദിഖ് (27), കയ്പമംഗലം പള്ളത്ത് അനിൽകുമാർ (47), തിരുവനന്തപുരം നെയ്യാറ്റിൻകര ഇന്ദിരാഭവൻ റാംകുമാർ (41), ചാലക്കുടി വൈന്തല കുറ്റിപറമ്പിൽ സന്തോഷ് (42) എന്നിവരാണു പിടിയിലായത്. വനംവകുപ്പ് ഫ്ളയിങ് സ്ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് തൃശൂർ ശക്തൻ ബസ് സ്റ്റാൻഡിനു സമീപമുള്ള സ്വകാര്യ ഹോട്ടലിൽനിന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവർ വന്ന പത്തനംതിട്ട രജിസ്ട്രേഷനിലുള്ള കാറും വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. കൊടുങ്ങല്ലൂർ രജിസ്ട്രേഷനിലുള്ള മറ്റൊരു വാഹനംകൂടി പിടിയിലാകാനുണ്ട്.
ഇരുതലമൂരിയെ എവിടെനിന്നാണ് കിട്ടിയതെന്നും ആർക്കു കൈമാറാനാണ് ഉദ്ദേശിച്ചതെന്നും പ്രതികൾ വ്യക്തമാക്കിയിട്ടില്ല. കൂടുതൽ അന്വേഷണങ്ങൾക്കായി പട്ടിക്കാട് ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥർക്കു പ്രതികളെ കൈമാറും. വന്യജീവി സംരക്ഷണനിയമം നാലാം ഷെഡ്യൂളിലുൾപ്പെടുത്തി സംരക്ഷിച്ചു വരുന്നതാണ് ഇരുതലമൂരി പാമ്പ്. ഇതിനെ വീട്ടിൽ സൂക്ഷിച്ചാൽ സമ്പത്തും ഐശ്വര്യവും വന്നു കൂടുമെന്ന അന്ധവിശ്വാസം പ്രചരിപ്പിച്ചാണ് വിൽപ്പന. ഒരു കോടി വില പറഞ്ഞാണ് വിൽപ്പനയ്ക്കായി ഇവയെ കൊണ്ടുവന്നത്.
തൃശൂർ ഫ്ളയിങ് സ്ക്വാഡ് റേഞ്ച് ഓഫീസർ ഭാസി ബാഹുലേയന്റെ നേതൃത്വത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം എസ് ഷാജി, ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥരായ എൻ യു പ്രഭാകരൻ, ഷിജു ജേക്കബ്, കെ വി ജിതേഷ് ലാൽ, ഗിരീഷ് കുമാർ, ഡ്രൈവർ സി പി സജീവ് കുമാർ എന്നിവരാണ് പ്രതികളെ പിടികൂടിയത്.