കൊച്ചി > വ്യാഴാഴ്ചയോടെ പ്രദർശനം പുനരാരംഭിക്കാനാകുംവിധം സംസ്ഥാനത്തെ സിനിമാ തിയറ്ററുകൾ ഒരുങ്ങി. തിയറ്റർ ശചീകരണവും സാങ്കേതിക സംവിധാനങ്ങളുടെ പരിശോധനയും തുടരുന്നു. ബുധനാഴ്ചയോടെ പ്രദർശനം പുനരാരംഭിക്കാനായിരുന്നു നേരത്തേ തീരുമാനിച്ചത്. എന്നാൽ ആറുമാസത്തെ അടച്ചിടലിനുശേഷം തുറക്കുന്നതിനുമുമ്പ് പരിശോധനകളും മറ്റു തയ്യാറെടുപ്പുകളും നടത്തേണ്ടതിനാൽ ഒരു ദിവസംകൂടി വൈകിയേക്കുമെന്ന് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ ജനറൽ സെക്രട്ടറി സുമേഷ് ജോസഫ് പറഞ്ഞു.
ദീർഘകാലം പ്രവർത്തനമില്ലാതെ കിടന്നതിനാൽ തിയറ്ററുകളുടെ യന്ത്രസംവിധാനങ്ങൾ നിശ്ചിത മണിക്കൂറുകൾ പ്രവർത്തിപ്പിച്ച് നോക്കേണ്ടതുണ്ട്. വ്യാഴാഴ്ചയോടെ ആദ്യപ്രദർശനം ആരംഭിക്കാനാകുമെന്നും സുമേഷ് ജോസഫ് പറഞ്ഞു. ജോജു ജോർജ് നായകനായ സ്റ്റാർആണ് ആദ്യദിവസങ്ങളിൽ റിലീസ് ഉറപ്പായ മലയാള ചിത്രം. ജയിംസ്ബോണ്ട് ചിത്രമായ നോ ടൈം ടു ഡൈ, വെനം 2, തമിഴ്ചിത്രമായ ഡോക്ടർ എന്നിവയും ആദ്യ ദിവസങ്ങളിൽ തിയറ്ററുകളിലെത്തും. മൊത്തം ഇരിപ്പിടത്തിന്റെ പകുതിമാത്രം പ്രേക്ഷകരെയാണ് തുടക്കത്തിൽ അനുവദിക്കുക. കോവിഡ് നിയന്ത്രണങ്ങൾ കുറയുകയും കൂടുതൽ പ്രേക്ഷകർ തിയറ്ററുകളിലേക്ക് ആകർഷിക്കപ്പെടുകയും ചെയ്യുന്നമുറയ്ക്കാകുും താരസിനിമകൾ എത്തുക.
രജനീകാന്ത് ചിത്രം അണ്ണാത്തെ ഉൾപ്പെടെ തമിഴ്, ഹിന്ദി ദീപാവലി റിലീസുകളും അടുത്തയാഴ്ച എത്തും. നവംബർ നാലിന് ദുൽഖർ സൽമാൻ ചിത്രം കുറുപ്പ് റിലീസ് ചെയ്യാനും ഒരുങ്ങിയിട്ടുണ്ട്. ജനുവരിവരെയുള്ള സിനിമാ റിലീസ് പട്ടിക പൂർത്തിയായിട്ടുണ്ട്. ആറുമാസത്തെ അടച്ചിടലിനുശേഷമാണ് തിങ്കളാഴ്ച തിയറ്ററുകൾ തുറന്നത്. ഒന്നാം കോവിഡ് വ്യാപനത്തെ തുടർന്ന് 10 മാസം അടച്ചിട്ട തിയറ്ററുകൾ കഴിഞ്ഞ ജനുവരിയിൽ തുറന്നിരുന്നു. മൂന്നുമാസം പകുതി എണ്ണം പ്രേക്ഷകരെ അനുവദിച്ച് പ്രവർത്തിച്ചു. രണ്ടാംകോവിഡ് വ്യാപനം രൂക്ഷമായപ്പോൾ ഏപ്രിൽ ഇരുപത്തഞ്ചിനാണ് വീണ്ടും അടച്ചത്.