തിരുവനന്തപുരം: എംജി സർവകലാശാലയിൽ ഉണ്ടായ എസ്എഫ്ഐ എഐഎസ്എഫ് സംഘർഷത്തിൽ എസ്എഫ്ഐ നേതാക്കൾക്കെതിരെ രൂക്ഷപ്രതികരണവുമായി സിപിഐ മുഖപത്രമായ ജനയുഗം. അവസാനിച്ചു എന്ന് കരുതുന്ന മനുവാദകാലം എസ്എഫ്ഐയിലൂടെ പുനരവതരിക്കുകയാണ് എന്നാണ് ജനയുഗത്തിലെ ലേഖനത്തിൽ പറയുന്നത്.നായ്ക്കൾ കലണ്ടർ നോക്കാറില്ല എന്ന തലെക്കട്ടിലാണ് ലേഖനം.
എസ്എഫ്ഐയെ ഇങ്ങനെ കയറൂരി വിട്ടാൽ ഈ ഫാസിസ്റ്റ് കഴുകൻ കൂട്ടങ്ങൾ സ്വാഭാവിക പരിണതിയെന്ന നിലയിൽ ബിജെപി അടക്കമുള്ള ഫാസിസത്തിന്റെ ചില്ലകളിലേക്കായിരിക്കും ചേക്കേറുക എന്ന് എഡിറ്റ് പേജിൽ ദേവിക എഴുതിയ വാതിൽപ്പഴുതിലൂടെ എന്ന പംക്തിയിൽ പറയുന്നു.
ലേഖനത്തിൽ നിന്ന്: എസ്എഫ്ഐയെ ഇങ്ങനെ കയറൂരിവിട്ടാൽ ഈ വിദ്യാർത്ഥി നേതാക്കൾ എങ്ങോട്ടാണ് കൂടണയുക എന്ന് വർത്തമാനകാല രാഷ്ട്രീയം പരിശോധിച്ചാൽ മതി. എസ്എഫ്ഐയുടെ മുൻ സംസ്ഥാന പ്രസിഡന്റും മുൻ ലോക്സഭാംഗവുമായ എ പി അബ്ദുള്ളക്കുട്ടിയാണ് ഇന്ന് ബിജെപിയുടെ ദേശീയ ഉപാധ്യക്ഷൻ. ഋതബ്രത ബാനർജിയെന്ന എസ്എഫ്ഐ മുൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഇന്ന് ബിജെപിയിലാണ്. ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റുമാരും എസ്എഫ്ഐ അഖിലേന്ത്യാ നേതാക്കളുമായിരുന്ന ഷക്കിൽ അഹമ്മദ് ഖാനും ബിട്ടലാൽ ബറുവയും സയ്യിദ് നാസർഹുസൈനും ഇപ്പോൾ ബിജെപിയിലും കോൺഗ്രസിലും തൃണമൂൽ കോൺഗ്രസിലുമാണ്. എന്തേ ഇങ്ങനെയെല്ലാം എന്ന് മനസിരുത്തി ചിന്തിച്ചില്ലെങ്കിൽ വളർന്നുവരുന്ന ഈ ഫാസിസ്റ്റ് കഴുകൻ കൂട്ടങ്ങൾ സ്വാഭാവിക പരിണതിയെന്ന നിലയിൽ ഫാസിസത്തിന്റെ ചില്ലകളിലേക്കായിരിക്കും ചേക്കേറുക.
രണ്ടു വർഷം മുമ്പ് യൂണിവേഴ്സിറ്റി കോളേജിൽ മാനസികരോഗമുള്ള ചില എസ്എഫ്ഐ നേതാക്കൾ തങ്ങളുടെ ഒരു സഖാവിന്റെ ഇടനെഞ്ചിലാണ് കഠാര കയറ്റിയത്. ഈ കുത്തുകേസിലെ പ്രതികൾ തന്നെയായിരുന്നു പരീക്ഷാ തട്ടിപ്പിലേയും പിഎസ്സി തട്ടിപ്പിലേയും പ്രതികൾ. ക്രിമിനൽ കേസുകളുടെ എണ്ണം തികച്ച് യുവജനസംഘടനാ നേതൃത്വത്തിലേക്ക് പ്രൊമോഷൻ നേടാനുള്ള തത്രപ്പാടായിരുന്നു ഇത്. യൂണിവേഴ്സിറ്റി കോളേജിലെ സംഭവങ്ങൾ ബഹുജന മധ്യത്തിൽ രോഷാഗ്നിയായി പടർന്നതോടെ കാമ്പസുകളിലെ എസ്എഫ്ഐ അതിക്രമങ്ങൾക്ക് തെല്ലൊരു അറുതിയുണ്ടായിരുന്നു. എന്നാൽ രണ്ടാം ഘട്ടം എംജി യൂണിവേഴ്സിറ്റിയിൽ അരങ്ങേറിയിരിക്കുന്നു. കൂടെ നിന്നു പൊരുതേണ്ട എഐഎസ്എഫിന്റെ സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷാ രാജ് നേതാവിനെ കഴുത്തോളം പൊങ്ങി ചവിട്ടുന്ന എസ്എഫ്ഐക്കാരൻ. എഐഎസ്എഫ് പ്രവർത്തകരെ മർദ്ദിക്കുന്നതിന് നേതൃത്വം നൽകിയത് വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം അരുണും എസ്എഫ്ഐ നേതാവായ ആർഷോയും.
നിമിഷയെ എസ്എഫ്ഐക്കാർ പെടുത്തിയത് പഴയ ഭാഷയിലെ ജാതിപ്പേരിൽ,ബലാത്സംഗം ചെയ്യുമെന്ന മാടമ്പി ഭാഷയിലുള്ള താക്കീതും. നവോത്ഥാനത്തിന്റെ വനിതാമതിൽ തീർത്ത കേരളത്തിൽ ഇനിയുമുണ്ടാകേണ്ടേ മനുവിരുദ്ധ വനിതാ മതിലുകൾ എന്ന ചോദ്യമുന്നയിച്ചു കൊണ്ടാണ് ലേഖനം അവസാനിപ്പിക്കുന്നത്.
Content Highlights: janayugam editorial against sfi