തിരുവനന്തപുരം> ആകാശം കാണാം, സൂര്യനെയും ചന്ദ്രനെയും മഴവില്ലിനെയും കാണാം. ഒപ്പം കാട്ടിലും കടലിലും പോയിവരാം. അതും ക്ലാസ്മുറിയിലിരുന്ന്. തൈക്കാട് ഗവ. മോഡൽ എൽപി സ്കൂളിൽ പ്രീപ്രൈമറി കുട്ടികൾക്കായി ഒരുക്കിയ ചിൽഡ്രൻസ് പാർക്കിനെ വെല്ലുന്ന ആക്ടിവിറ്റി റൂമിലാണ് ഇവയെല്ലാമുള്ളത്.
‘പ്രീപ്രൈമറി അന്താരാഷ്ട്ര നിലവാരത്തിലേക്ക്’ എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായാണ് മോഡൽ സ്കൂളിൽ ‘മാതൃകം’ എന്ന പേരിൽ അന്തരാഷ്ട്ര നിലവാരമുള്ള ആക്ടിവിറ്റി റൂം ഒരുക്കിയത്. സമഗ്ര ശിക്ഷ കേരള വഴി 15 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമാണം. ‘പ്രീകെജി, എൽകെജി, യുകെജി ക്ലാസിലെ കുട്ടികൾക്കാണ് ക്ലാസ്റൂം. കുട്ടികൾക്ക് സ്വയം പഠനത്തിനുള്ള ഒരു അന്തരീക്ഷം ആകർഷകമായി ഒരുക്കിക്കൊടുക്കുകയാണ് ഇതിലൂടെ–- ഹെഡ്മാസ്റ്റർ എം ഷാജി പറഞ്ഞു.
വിവിധ കോർണറുകളായാണ് ആക്ടിവിറ്റി റൂം ഒരുക്കിയിട്ടുള്ളത്. അഭിനയമൂല, സംഗീത മൂല, വരമൂല, വായനമൂല, ഗണിതമൂല, ശാസ്ത്രമൂല എന്നിവയാണവ. അഭിനയമൂലയിൽ പ്രൊജക്ടറുകളിലൂടെ സ്ലൈഡുകളും മറ്റും കാണിക്കും. സ്റ്റേജ്, സൗണ്ട് സിസ്റ്റം എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.
സംഗീതോപകരണങ്ങൾ, അവയുടെ മിനിയേച്ചർ ഉപകരണങ്ങൾ എന്നിവയൊരുക്കി കുട്ടികൾക്ക് സംഗീതം പരിചയപ്പെടുത്തുകയാണ് സംഗീതമൂലയിൽ. ക്രാഫ്റ്റ് മൂല, വര മൂല തുടങ്ങിയവയിൽ കരകൗശല വസ്തുക്കൾ നിർമിക്കുന്നതിനുള്ള സാമഗ്രികളും ചിത്രരചനയ്ക്കുള്ള പെയിന്റ്, ബ്രഷ് എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.
ആക്ടിവിറ്റി മുറിയുടെ പ്രവേശന കവാടം ഒരു ഗുഹയാണ്. പ്രത്യേക മ്യൂസിക്കും ലൈറ്റിങ്ങും ഇവിടെയുണ്ട്. ചെറിയൊരു വെള്ളച്ചാട്ടവുമുണ്ട്.
1600 ചതുരശ്രഅടിയിൽ നാല് ക്ലാസ് മുറിയുടെ വലിപ്പത്തിലാണ് ഇവയെല്ലാം സജ്ജീകരിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായുള്ള എന്റെ റോഡ്, കളിക്കളം, ജിംനേഷ്യം, ബയോ ഡൈവേഴ്സിറ്റി പാർക്ക് തുടങ്ങിയവയുടെ നിർമാണവും പ്രാരംഭഘട്ടത്തിലാണ്. നഗരസഭ വഴി 20 ലക്ഷം രൂപ നിർമാണപ്രവർത്തനങ്ങൾക്കായി ലഭിച്ചു. അധ്യാപകരുടെ സംഭാവനയോടെ നാല് ക്ലാസ്റൂം സ്മാർട്ടാക്കുന്ന പദ്ധതിയും അവസാനഘട്ടത്തിലാണ്. നവംബർ ഒന്നിന് സ്കൂൾ തുറക്കുമ്പോൾ ഇത് ഉദ്ഘാടനം ചെയ്യും.