കോട്ടയം > കൂട്ടിക്കൽ ദുരന്തബാധിതരുടെ കണ്ണീരൊപ്പി സിപിഐ എം. ഉരുൾപൊട്ടലിൽ വീടും കിടപ്പാടവും നഷ്ടപ്പെട്ട 25 കുടുംബത്തിന് വീട് നിർമിച്ചുനൽകുമെന്ന് മന്ത്രി വി എൻ വാസവനും പാർടി ജില്ലാ സെക്രട്ടറി എ വി റസലും വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ എല്ലാ പാർടി ഘടകവും വർഗബഹുജന സംഘടനകളും പണം കണ്ടെത്തും. സുമനസ്സുകളും പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്ഥലം കണ്ടെത്തി അതിവേഗം നിർമാണം പൂർത്തീകരിക്കും.
ദുരന്തമുണ്ടായതുമുതൽ സർക്കാർ ഇടപെട്ട് വേണ്ടതെല്ലാം ചെയ്യുന്നു. മന്ത്രിമാരടക്കം സ്ഥലത്ത് ക്യാമ്പുചെയ്ത് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. സിപിഐ എം നേതാക്കളും വർഗബഹുജന സംഘടനകളും രക്ഷാപ്രവർത്തനവുമായി രംഗത്തെത്തി. ഡിവൈഎഫ്ഐയും സിഐടിയുവും ശുചീകരണമുൾപ്പെടെ ഏറ്റെടുത്തു. അഭയം ചാരിറ്റബിൾ സൊസൈറ്റി ഉൾപ്പെടെയുള്ള സംഘടനകൾ സന്നദ്ധസേവനങ്ങളുമായി പ്രവർത്തനങ്ങൾ തുടരുകയാണ്. അതിനൊപ്പമാണ് വീട് നിർമിച്ചുനൽകാനുള്ള വലിയ ദൗത്യം സിപിഐ എം ഏറ്റെടുക്കുന്നത്.
കഴിഞ്ഞ 16നാണ് കോട്ടയം, ഇടുക്കി ജില്ലകളിൽ വൻദുരന്തംവിതച്ച ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായത്. കൂട്ടിക്കൽ, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, മണിമല, കൊക്കയാർ മേഖലകളിലാണ് ഏറെ നഷ്ടങ്ങളും ദുരിതവുമുണ്ടായത്. കൂട്ടിക്കലിൽ 14 പേരുടെ ജീവൻ നഷ്ടമായി. മുന്നൂറോളം വീട് പൂർണമായും അഞ്ഞൂറിൽപ്പരം ഭാഗികമായും തകർന്നു. വിലമതിക്കാനാകാത്ത നഷ്ടമാണുണ്ടായത്. ഇവരോടൊപ്പംനിന്ന് കരുതലൊരുക്കുന്നതിന്റെ ഭാഗമായാണ് വീട് നിർമിച്ചു നൽകുന്നതെന്നും നേതാക്കൾ പറഞ്ഞു.