തിരുവനന്തപുരം > കുട്ടിയെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറിയത് അനുപമയുടെ അറിവോടെയെന്ന് അജിത്തിന്റെ മുൻ ഭാര്യ നാസിയ. അനുപമ ഒപ്പുവച്ച സമ്മതപത്രം താൻ കണ്ടിരുന്നു. മൂന്നുമാസം ഗർഭിണിയായിരുന്നപ്പോൾ തന്നെ അജിത്തിന് വിവരം അറിയാമായിരുന്നു. ഇരുവരും ഫോൺകോളും വീഡിയോ കോളും ചെയ്തിരുന്നു. മറിച്ചുള്ള പ്രചാരണം തെറ്റാണ്. തന്റെ വിവാഹമോചനത്തിന് കാരണം അനുപമയാണ്.
വിവാഹമോചനം നേടിയാൽ കുഞ്ഞുമായി അജിത്തിന് ഒപ്പം പോകുമെന്ന് അനുപമ പറഞ്ഞിരുന്നു. തുടർന്ന് വിവാഹമോചനം തരില്ലെന്ന് പറയാൻ താൻ അനുപമയുടെ വീട്ടിൽ പോയിരുന്നു. ഇതിനു ശേഷമാണ് കുഞ്ഞിനെ ദത്ത് നൽകിയത്. അവിടെവച്ചാണ് സമ്മതപത്രം കണ്ടത്. ബോധത്തോടെയാണ് അനുപമ സമ്മതപത്രത്തിൽ ഒപ്പിട്ടത്. അജിത്തും അനുപമയും തമ്മിൽ നിയമപരമായി വിവാഹം കഴിച്ചിട്ടില്ല. തന്റെ ഭർത്താവായിരിക്കെയാണ് അനുപമയുമായി ബന്ധമുണ്ടായത്. ഇത് ചോദിച്ചപ്പോൾ സഹോദരിയെപ്പൊലെയാണ് അനുപമയെന്നാണ് അന്ന് പറഞ്ഞത്.
വിവാഹ മോചനത്തിനായി അജിത്ത് മാനസികമായി പീഡിപ്പിച്ചു. ഇവർ തമ്മിലുള്ള ബന്ധം കാരണം വീട്ടിൽ കിടക്കാൻ പറ്റിയിരുന്നില്ല. അടുത്ത വീട്ടിലാണ് കിടന്നത്. വീട്ടിൽ വിളിച്ച് തന്നെ വിളിച്ചു കൊണ്ടു പോകാൻ അജിത്ത് നിർബന്ധിച്ചിരുന്നു. കുട്ടിയുണ്ടായ ശേഷം ഭീഷണിപ്പെടുത്തിയാണ് അജിത്ത് വിവാഹമോചനം വാങ്ങിയത്. 2011 ലായിരുന്നു വിവാഹം. ജനുവരിയിൽ വിവാഹമോചനം നേടിയതെന്നും നാസിയ പറഞ്ഞു.