തിരുവനന്തപുരം> സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അഞ്ച് ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴ തുടരുമെന്നും തിങ്കളാഴ്ച അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
കോഴിക്കോട് ജില്ലയില് ഇടിയോട് കൂടിയ ശക്തമായ മഴ പെയ്യുകയാണ്. ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. രാവിലെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. വൃഷ്ടി പ്രദേശങ്ങളില് മഴ കുറഞ്ഞതോടെ ഡാമുകളിലെ ജലനിരപ്പ് കുറഞ്ഞു. ഇടുക്കി, കക്കി ഡാമുകള് റെഡ് അലര്ട്ടില് നിന്നും ഇന്നലെ ഓറഞ്ച് അലര്ട്ടിലേക്ക് മാറി.
തമിഴ്നാട് തീരത്ത് രൂപം കൊണ്ട ചക്രവാത ചുഴി ഇപ്പോഴും തുടരുകയാണ്. അടുത്ത 3 മണിക്കൂറില് കേരളത്തില് കോഴിക്കോട് ജില്ലയില് ഒറ്റപ്പെട്ടയിടങ്ങളില് ഇടിയോടുകൂടിയ മഴക്കും മണിക്കൂറില് 40 കി.മി വരെ വേഗതയില് വീശിയടിച്ചേക്കാവുന്ന കാറ്റിനും മറ്റു ജില്ലകളില് മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.