തിരുവനന്തപുരം
ദുരിതാശ്വാസത്തിൽ അതിവേഗ നടപടികളുമായി സംസ്ഥാന സർക്കാർ. ഒമ്പത് ജില്ലയ്ക്ക് അടിയന്തര പ്രതിരോധ പ്രവർത്തനങ്ങൾക്ക് 13.35 കോടി രൂപ അനുവദിച്ചു. കോട്ടയം ജില്ലക്കായി 8.60 കോടി രൂപയാണ് അനുവദിച്ചത്. പത്തനംതിട്ട, ഇടുക്കി ജില്ലകൾക്കായി ഒരു കോടി രൂപവീതവും തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകൾക്കായി 50 ലക്ഷം രൂപവീതവും കൊല്ലത്തിന് 25 ലക്ഷം രൂപയുമാണ് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽനിന്ന് നൽകിയത്.
ഇടുക്കിയിൽ മരിച്ചവരുടെയും കാണാതായവരുടെയും ആശ്രിതർക്കും സഹായം അനുവദിച്ചു. റവന്യൂവകുപ്പിന്റെ നേതൃത്വത്തിൽ നാശനഷ്ടങ്ങളുടെ കണക്കെടുക്കുകയാണ്.മൃഗസംരക്ഷണ, ക്ഷീരവികസന മേഖലയിലും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രാഥമിക കണക്കിൽ രണ്ട് കോടി രൂപയുടെ നഷ്ടമാണുള്ളത്.
കൃഷിനാശം സംഭവിച്ചവർക്കും സഹായം നൽകും. അപേക്ഷ സ്വീകരിക്കാനാരംഭിച്ചു. ഉടൻ സഹായം നൽകാൻ ഉദ്യോഗസ്ഥർക്ക് സർക്കാർ നിർദേശം നൽകി. കെടുതിയിൽ സംസ്ഥാനത്തിന് ഇതുവരെ കേന്ദ്രം സഹായം പ്രഖ്യാപിച്ചിട്ടില്ല.
ദുരിതാശ്വാസ ക്യാമ്പിൽ മെഡിക്കൽ സംഘം
സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളിൽ എല്ലാ ദിവസവും മെഡിക്കൽ സംഘം സന്ദർശിക്കും. ആരോഗ്യവകുപ്പിന്റെ ഉന്നത യോഗത്തിൽ മന്ത്രി വീണാ ജോർജ് ഇതുസംബന്ധിച്ച നിർദേശം നൽകി. അതത് തദ്ദേശസ്ഥാപന പ്രദേശത്തുള്ള ആശുപത്രിയിലെ മെഡിക്കൽ സംഘമാകും ക്യാമ്പുകൾ സന്ദർശിക്കുക. മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കും.
ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പ്രവർത്തനങ്ങൾ യോഗത്തിൽ പ്രത്യേകം ചർച്ച ചെയ്തു. മഴ തുടരുന്ന സാഹചര്യത്തിൽ ഈ ജില്ലകളിൽ കൂടുതൽ ശ്രദ്ധ പുലർത്തും.കോവിഡ് ലക്ഷണങ്ങളുള്ളവരെ പ്രത്യേകം പാർപ്പിക്കും. രോഗബാധിതരെ ഡിസിസികളിലേക്കോ, സിഎഫ്എൽടിസികളിലേക്കോ മാറ്റണം. ക്യാമ്പുകളിലുള്ളവർക്ക് വാക്സിൻ ഉറപ്പാക്കാൻ പ്രത്യേക പദ്ധതി തയ്യാറാക്കി. യോഗത്തിൽ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ ഖൊബ്രഗഡെ, എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. വി ആർ രാജു, അഡീഷണൽ ഡയറക്ടർ ഡോ. മീനാക്ഷി, ഡെപ്യൂട്ടി ഡയറക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, ജില്ലാ സർവയലൻസ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു.