ഇടുക്കി
അതിതീവ്രമഴയെ തുടർന്ന് തുറന്ന ഇടുക്കി (ചെറുതോണി) അണക്കെട്ടിന്റെ മൂന്ന് ഷട്ടറിൽ രണ്ടെണ്ണം വെള്ളി ഉച്ചയോടെ അടച്ചു. പദ്ധതി മേഖലയിൽ മഴ കുറവാണ്. അതേസമയം, മൂന്നാം ഷട്ടർ 40 സെ. മീറ്റർ ഉയർത്തിയിട്ടുണ്ട്. 40 ക്യുമെക്സ് (സെക്കൻഡിൽ 40,000 ലിറ്റർ) വെള്ളം ഒഴുക്കിവിടുന്നുണ്ട്.
പകൽ 12ന് ജലനിരപ്പ് 2398.20 അടിയായിരുന്നു. നിലവിൽ സംഭരണശേഷിയുടെ 94.44 ശതമാനം വെള്ളമുണ്ട്. കഴിഞ്ഞവർഷം ഇതേദിവസം 89.66 ശതമാനമായിരുന്നു. മൂലമറ്റത്ത് ശേഷിയുടെ പരമാവധി വൈദ്യുതോൽപ്പാദനം നടത്താനാണ് ശ്രമം. വെള്ളി 148.14 ലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിച്ചു. അറ്റകുറ്റപ്പണിയിലായിരുന്ന മൂന്നാം നമ്പർ ജനറേറ്റർ കഴിഞ്ഞ ദിവസം ട്രയൽ റൺ നടത്തിയെങ്കിലും പ്രവർത്തിപ്പിച്ചില്ല.
അണക്കെട്ടുകളിൽ 90.76 ശതമാനം ജലം
സംസ്ഥാനത്തെ അണക്കെട്ടുകളിലുള്ളത് ആകെ സംഭരണ ശേഷിയുടെ 90.76 ശതമാനം ജലം. കഴിഞ്ഞ ദിവസമിത് 91.15 ശതമാനമായിരുന്നു. പ്രധാന അണക്കെട്ടുകളായ ഇടുക്കി, ഇടമലയാർ എന്നിവിടങ്ങളിൽ നിന്നും പുറത്തേക്ക് ഒഴുക്കുന്നതിന്റെ അളവ് കുറച്ചു. ഇടുക്കിയുടെ രണ്ട് ഷട്ടറുകൾ അടച്ചു. കക്കിയിൽ 60 ക്യുമെക്സെന്നത് 30 ആക്കി. ഇടമലയാർ അണക്കെട്ട് അടച്ചു.
ഇടുക്കി 94.38, ഇടമലയാർ 89.05, കക്കി 91.49, ബാണാസുര സാഗർ 85.20, ഷോളയാർ 97.72, മാട്ടുപെട്ടി 90.18, ആനയിറങ്കൽ 85.13, പൊൻമുടി 96.32, കുറ്റ്യാടി 41.76, പമ്പ 73.58, പെരിങ്ങൽകുത്ത് 52.31, കുണ്ടള 91.11, കല്ലാർകുട്ടി 96.27, ഇരട്ടയാർ 29.41.