കൊച്ചി
നയതന്ത്ര ബാഗേജ് സ്വർണക്കടത്ത് കേസിൽ രാഷ്ട്രീയബന്ധം തെളിഞ്ഞില്ലെന്ന് കസ്റ്റംസ്. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയിൽ 29 പ്രതികൾക്കെതിരെ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വർണക്കടത്ത് പണം തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചുവെന്ന് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും 3000 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു.
കേസിൽ ആദ്യം പിടിയിലായ യുഎഇ കോൺസുലേറ്റിലെ മുൻ ജീവനക്കാരായ പി എസ് സരിത് ഒന്നാംപ്രതിയും സ്വപ്ന സുരേഷ് രണ്ടാംപ്രതിയുമാണ്. ഇടനിലക്കാർ, ജ്വല്ലറി ഉടമകൾ, നയതന്ത്ര ബാഗേജ് കൈകാര്യം ചെയ്ത എമിറേറ്റ്സ് എയർ കാർഗോ കമ്പനിയും പ്രതിപ്പട്ടികയിലുണ്ട്. മുൻ ഐടി സെക്രട്ടറി എം ശിവശങ്കർ അവസാന പ്രതി. സ്വർണക്കടത്ത് വിവരം അറിഞ്ഞിട്ടും മറച്ചുവച്ചെന്നാണ് കുറ്റം.
തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജിൽ യുഎഇയിൽനിന്ന് പലപ്പോഴായി 169 കിലോഗ്രാം സ്വർണം കടത്തിയ കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്. സ്വർണക്കടത്തിൽ മുഖ്യപങ്കുവഹിച്ചത് പി എസ് സരിത്താണ്. 2019 ജൂലൈ അഞ്ചിനാണ് 30 കിലോഗ്രാം സ്വർണം കടത്തിയ ബാഗേജ് തിരുവനന്തപുരം കസ്റ്റംസ് പിടിച്ചത്. 21 തവണകളായി സ്വർണം കടത്തിയതായി കണ്ടെത്തിയ കേസിൽ 53 പ്രതികൾക്ക് കസ്റ്റംസ് കാരണംകാണിക്കൽ നോട്ടീസ് നൽകി. കുറ്റപത്രത്തിൽ 24 പേരെ ഒഴിവാക്കി.
സ്വർണക്കടത്തിൽ പ്രധാനികളെന്ന് കണ്ടെത്തിയ സന്ദീപ് നായർ (മൂന്നാംപ്രതി), കെ ടി റമീസ് (4), എ എം ജലാൽ (5), റബിൻസ് ഹമീദ് (6), മുഹമ്മദ് ഷാഫി (7), സെയ്തലവി (8), ടി എം സംജു (9), ഷംസുദീൻ (10) എന്നിവരാണ് ആദ്യ 10 പ്രതികൾ. പിടിയിലാകാതെ വിദേശത്തു കഴിയുന്ന ഫൈസൽ ഫരീദ് ഉൾപ്പെടെ ആറുപേരെ പ്രതിചേർത്തിട്ടില്ല. രാജ്യം വിട്ടുപോയ യുഎഇ കോൺസുലേറ്റ് ജനറൽ, അറ്റാഷെ, കോൺസുലേറ്റ് ഉദ്യോഗസ്ഥരായിരുന്ന വിദേശപൗരന്മാർ എന്നിവർക്ക് സ്വർണക്കടത്തിൽ പങ്കുള്ളതായി കണ്ടെത്തിയെങ്കിലും അവരെയും പ്രതിചേർക്കാനായിട്ടില്ല. വിദേശത്തുകഴിയുന്ന ഇവരെ ചോദ്യം ചെയ്യാനുള്ള അനുമതിക്കുള്ള അപേക്ഷ വിദേശമന്ത്രാലയം പരിഗണിച്ചിട്ടില്ല. ചോദ്യം ചെയ്യുന്ന മുറയ്ക്ക് പ്രതിചേർത്തേക്കും.