ന്യൂഡല്‍ഹി: ഐസിസി ട്വന്റി 20 ലോകകപ്പിന് വെറും 14 വർഷത്തെ പഴക്കം മാത്രമേ ഉള്ളു എങ്കിലും നിരവധി ചരിത്ര നിമിഷങ്ങള്‍ക്കാണ് ലോകം സാക്ഷ്യം വഹിച്ചത്. 2007 ല്‍ ദക്ഷിണാഫ്രിക്കയാണ് പ്രഥമ ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്. പിന്നീട് അങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ലോകക്രിക്കറ്റില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് സംഭവിച്ചത്.
ട്വന്റി 20 ലോകകപ്പിന്റെ ആവേശകരമായ 14 വർഷത്തെ ജൈത്രയാത്ര പരിശോധിക്കാം
2007 സീസൺ
വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയിലിന്റെ ആദ്യ അന്താരാഷ്ട്ര ട്വന്റി 20 സെഞ്ച്വറിയോടെയായിരുന്നു ദക്ഷിണാഫ്രിക്കയിൽ കുട്ടിക്രിക്കറ്റ് പൂരത്തിന് തുടക്കമായത്. കേവലം 57 പന്തില്‍ 117 റണ്‍സാണ് ഗെയില്‍ അടിച്ചു കൂട്ടിയത്. പത്ത് സിക്സറുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഒന്നാം വിക്കറ്റില്‍ 145 റണ്‍സ് കൂട്ടുകെട്ടും പടുത്തുയര്‍ത്തി. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം ബംഗ്ലാദേശിനോട് അപ്രതീക്ഷിത തോല്‍വി വെസ്റ്റ് ഇന്‍ഡീസ് വഴങ്ങിയപ്പോള്‍ ഗെയിലിന് അക്കൗണ്ട് തുറക്കാന്‍ പോലും കഴിഞ്ഞില്ല.
അട്ടിമറികള്‍ അവിടെ അവസാനിച്ചിരുന്നില്ല. കരുത്തരായ ഓസ്ട്രേലിയയെ ഞെട്ടിച്ചുകൊണ്ട് സിംബാവെ ആദ്യ വിജയം സ്വന്തമാക്കി. ബ്രണ്ടൻ ടെയ്ലര് പുറത്താകാതെ നേടിയ 64 റണ്‍സായിരുന്നു ഓസീസിനെ മറികടക്കാന്‍ സിംബാവയെ സഹായിച്ചത്. സൂപ്പർ എട്ടില്‍ പാകിസ്ഥാൻ എല്ലാ മത്സരങ്ങളും വിജയിച്ചു. നായകൻ ഷോയിബ് മാലിക് മുന്നിൽ നിന്നും നയിച്ചപ്പോള്‍ ഉമര്‍ ഗുല്‍ പന്തുകൊണ്ടും തിളങ്ങി.
ടൂര്‍ണമെന്റിന്റെ താരമായ യുവരാജ് സിങ്ങിന്റെ പ്രകടനം മാറ്റി നിര്‍ത്തി ലോകകപ്പിനെ പറ്റി പറയാന്‍ സാധിക്കില്ല. സെമി ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ 30 പന്തില്‍ 70 റണ്‍സ്. ഇംഗ്ലണ്ടിനെതിരെ ഒരു ഓവറില്‍ ആറ് സിക്സറുകള്‍. 12 പന്തില്‍ അര്‍ധ സെഞ്ചുറി. ഇന്നും ആരും മറികടക്കാത്ത റെക്കോര്‍ഡുകളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് യുവിയുടെ നേട്ടം. ഫൈനലില്‍ ചിരവൈരികളായ പാക്കിസ്ഥാനെ ത്രില്ലര്‍ പോരാട്ടത്തില്‍ അഞ്ച് റണ്‍സിന് കീഴടക്കിയായിരുന്നു ഇന്ത്യയുടെ കിരീട നേട്ടം.
2009 സീസൺ
2009 ലോകകപ്പിന്റെ ചരിത്ര നിമിഷം ആദ്യ കളിയില്‍ തന്നെ പിറന്നു. ലോർഡ്സിൽ അന്ന് നെതര്‍ലന്‍ഡ്സ് അവിശ്വസനീയമായ വിജയം നേടി. പിന്നീട് ക്രിസ് ഗെയില്‍ വീണ്ടും തലക്കെട്ടിലിടം പിടിച്ചു. ഓസ്ട്രേലിയക്കെതിരെ 50 പന്തില്‍ 88 റണ്‍സ് നേടിയായിരുന്നു ഗെയിലിന്റെ താണ്ഡവം. പിന്നീട് ഓസ്ട്രേലിയെ ആദ്യം റൗണ്ടില്‍ പുറത്താക്കാന്‍ കുമാര്‍ സംഗക്കാരയുടെ നേതൃത്വത്തിലുള്ള ശ്രീലങ്കയ്ക്ക് കഴിഞ്ഞു.
ബംഗ്ലാദേശിനെ ആറു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് അയര്‍ലന്‍ഡ് തങ്ങളുടെ കന്നി ലോകകപ്പ് വേദിയിലെ സൂപ്പർ എട്ടിലെത്തിയത്. എന്നാല്‍ കരുത്തരായ രണ്ട് ടീമുകളായിരുന്നു അയര്‍ലന്‍ഡിനെ സൂപ്പര്‍ എട്ടില്‍ കാത്തിരുന്നത്. സൂപ്പർ എട്ടില്‍ ഇന്ത്യക്കെതിരെ മൂന്ന് റണ്ണിന്റെ ആവേശകരമായ വിജയം നേടിയിട്ടും സെമി ഫൈനല്‍ കാണാതെ ഇംഗ്ലണ്ട് പുറത്തായി.
ശ്രിലങ്കന്‍ താരം തിലകരത്ന ദില്‍ഷന്റെ ദില്‍സ്കൂപ്പായിരുന്നു ടൂര്‍ണമെന്റില്‍ ചര്‍ച്ചയായ മറ്റൊരു കാര്യം. പിന്നീട് നിരവധി താരങ്ങളാണ് ദില്‍സ്കൂപ്പ് അനുകരിച്ചത്. 96 റണ്‍സെടുത്ത ദില്‍ഷന്റെ മികവില്‍ വെസ്റ്റ് ഇന്‍ഡീസിനെ മറികടന്ന് ശ്രീലങ്ക ഫൈനലില്‍ എത്തി. എന്നാല്‍ ഫൈനലില്‍ പാക്കിസ്ഥാനോട് ശ്രീലങ്ക പരാജയപ്പെടുകയായിരുന്നു.
2010 സീസൺ
ഐസിസി ടൂര്‍ണമെന്റുകളില്‍ കിരീടം ചൂടാനാകുന്നില്ല എന്ന വിമര്‍ശനങ്ങള്‍ക്ക് ഇംഗ്ലണ്ട് മറുപടി പറഞ്ഞ വര്‍ഷമായിരുന്നു 2010. ചിരിവൈരികളായ ഓസ്ട്രേലിയയെ കീഴടക്കിയായിരുന്നു കിരീടധാരണം. 248 റണ്‍സുമായി ഇംഗ്ലണ്ട് വിജയത്തിന് ചുക്കാന്‍ പിടിച്ച കെവിന് പീറ്റേഴ്സണ് ആയിരുന്നു ടൂര്‍ണമെന്റിന്റെ താരം.
ഗ്രൂപ്പ് ഘട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് പിന്നിലായി രണ്ടാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ട് അടുത്ത റൗണ്ടിലേക്ക് കടന്നത്. മുന്ചാമ്പ്യന്മാരായ പാക്കിസ്ഥാനെയും കിരീടം നേടുമെന്ന് പ്രതീക്ഷിച്ചിരുന്ന ദക്ഷിണാഫ്രിക്കയേയും മറികടന്ന് സൂപ്പര്‍ എട്ടില്‍ ഇംഗ്ലണ്ട് കുതിപ്പ് നടത്തി.
മറുവശത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായായിരുന്നു ഓസിസ് സൂപ്പര്‍ എട്ടിലെത്തിയത്. പാക്കിസ്ഥാനെ തോല്‍പ്പിച്ചാണ് ഓസ്ട്രേലിയ ഫൈനല്‍ ഉറപ്പിച്ചത്. എന്നാല്‍ ഓസിസ് ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം അനായാസം മറികടന്ന് ഇംഗ്ലണ്ട് കിരീടം നേടി.
2012 സീസൺ
ഒരു ഏഷ്യൻ രാജ്യം ആദ്യമായി ആതിഥേയത്വം വഹിച്ച ട്വന്റി 20 ലോകകപ്പായിരുന്നു 2012 ലേത്. ടൂര്‍ണമെന്റില്‍ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ആതിഥേയരായ ശ്രീലങ്കയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ് അവരുടെ കന്നി കിരീടം നേടുകയും ചെയ്തു.
ഇന്ത്യയില്‍ നടന്ന ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ച വച്ചിട്ടുള്ള ക്രിസ് ഗെയില്‍, കീറോണ്‍ പൊള്ളാര്‍ഡ്, സുനില്‍ നരെയ്ന് എന്നിവര്‍ ഉപഭൂഖണ്ഡ സാഹചര്യത്തിലരങ്ങേറിയ ലോകകപ്പിലും അത് ആവര്‍ത്തിച്ചു. ഡാരന്‍ സമിയുടെ നേതൃത്വത്തിലിറങ്ങിയ ടീം തുടക്കം മുതല്‍ സ്ഥിരതയോടെയാണ് കളിച്ചത്. 2004 ചാമ്പ്യന്‍സ് ട്രോഫി നേട്ടത്തിന് ശേഷമുള്ള ആദ്യ ഐസിസി കിരീടമായിരുന്നു ടീമിന്റേത്.
ഗ്രൂപ്പ് ഘട്ടത്തില്‍ ഓസ്ട്രേലിയയും പാക്കിസ്ഥാനും ഓന്നാം സ്ഥാനങ്ങളിലെത്തി. എന്നാല്‍ സെമി ഫൈനലില്‍ 16 റണ്‍സിന് ശ്രീലങ്കയോട് പാക്കിസ്ഥാന് പരാജയപ്പെട്ടു. രണ്ടാം സെമിയില്‍ ഓസ്ട്രേലിയയെ 74 റണ്‍സിനാണ് വെസ്റ്റ് ഇന്‍ഡീസ് കീഴടക്കിയത്. 41 പന്തില്‍ 75 റണ്‍സുമായി ഗെയില്‍ തിളങ്ങി. കലാശപ്പോരാട്ടത്തില്‍ 56 പന്തില്‍ 78 റണ്‍സ് നേടിയ മര്‍ലോണ്‍ സാമുവല്‍സായിരുന്നു വിജയശില്പി.
2014 സീസൺ
മുന്ചാമ്പ്യന്മാരായ ഇന്ത്യയെ ഫൈനലില്‍ ആറ് വിക്കറ്റുകള്‍ക്ക് കീഴടക്കിയ ശ്രീലങ്ക കിരീടം ചൂടി. ലസിത് മലിംഗയുടേയും നുവാന്‍ കുലശേഖരയുടേയും ബോളിങ് മികവ് ഇന്ത്യയെ 130 റണ്‍സിലൊതുക്കി. 35 പന്തില്‍ 52 റണ്‍സ് നേടിയ കുമാര്‍ സംഗക്കാരയുടെ പ്രകടനം ശ്രീലങ്കയെ കിരീടത്തിലേക്ക് എത്തിച്ചു. 58 പന്തില്‍ 77 റണ്‍സുമായി വിരാട് കോഹ്ലിയാണ് ഇന്ത്യക്കായി തിളങ്ങിയത്. 319 റണ്‍സുമായി കോഹ്ലി ടൂര്‍ണമെന്റിലെ ടോപ് സ്കോററുമായി. 12 വിക്കറ്റുമായി ദക്ഷിണാഫ്രിക്കയും ഇമ്രാന് താഹിറും, നെതര്‍ലന്‍ഡ്സിന്റെ ആസാന് മാലിക്കും വിക്കറ്റ് വേട്ടയിലും മുന്നിലെത്തി.
2016 സീസൺ
ഇന്ത്യയില്‍ നടന്ന 2016 ട്വന്റി 20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസ് കിരീടം ചൂടി പുതിയ ചരിത്രം കുറിച്ചു. രണ്ട് തവണ കിരീടം നേടുന്ന ആദ്യ ടീമാകന് വെസ്റ്റ് ഇന്‍ഡീസിന് കഴിഞ്ഞു. നാല് വര്‍ഷത്തിന് മുന്‍പ് നടന്ന ഫൈനലിലെ പ്രകടനം മര്‍ലോണ്‍ സാമുവല്‍സ് ആവര്‍ത്തിച്ചു. 85 റണ്‍സാണ് ഇംഗ്ലണ്ടിനെതിരെ കലാശപ്പോരാട്ടത്തില്‍ സാമുവല്‍സ് നേടിയത്. സാമുവല്‍സിന്റെ പ്രകടനത്തിന് മുകളിലായിരുന്നു കാര്‍ലോസ് ബ്രാത്ത്വെയ്റ്റിന്റെ വെടിക്കെട്ട് ബാറ്റിങ്. അവസാന ഓവറില്‍ നാല് പന്തുകളില്‍ നാല് സിക്സറുകള്‍ പറത്തി അവിശ്വസനീയ ബാറ്റിങ്ങിലൂടെയാണ് കാര്‍ലോസ് ടീമിനെ കിരീടത്തിലെത്തിച്ചത്.
Also Read: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാം മത്സരം 2022 ജൂലൈയില്‍; സ്ഥിരീകരിച്ച് ഇസിബി
The post ട്വന്റി 20 ലോകകപ്പിന്റെ 14 വർഷങ്ങള്‍; ആവേശം നിറച്ച നിമഷങ്ങളിലേക്ക് appeared first on Indian Express Malayalam.