ന്യൂയോർക്ക്: തൃശൂർ മെഡിക്കൽ കോളേജ് വിദ്യാർഥികളായ നവീൻ റസാഖിന്റേയും ജാനകി ഓംകുമാറിന്റെ വൈറലായ റാസ്പുടിൻ നൃത്തത്തെ പ്രശംസിച്ച് ഐക്യരാഷ്ട്രസഭ പ്രതിനിധി. യുഎൻ കൾച്ചറൽ റൈറ്റ്സ് റാപ്പോർട്ടർ കരിമ ബെന്നൂനാണ് നൃത്തത്തെ പ്രശംസിച്ചും വിവാദമാക്കിയവരെ വിമർശിച്ചും രംഗത്തെത്തിയത്. വീഡിയോയ്ക്ക് ലഭിച്ച വിമർശനം സാംസ്കാരിക മിശ്രണത്തിന് എതിരായ അപകടകരമായ പ്രതിഫലനമാണെന്നും അവർ പറഞ്ഞു.
സാമൂഹികവും മാനുഷികവുമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന യുഎൻ ജനറൽ അസംബ്ലിയുടെ മൂന്നാമത്തെ സമിതിയുടെ അനൗപചാരിക യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. എല്ലാവരുടേയും സാസ്കാരിക അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്ന ക്രിയാത്മകമായ ഒന്നാണ് ഈ വീഡിയോയെന്നും അവർ കൂട്ടിച്ചേർത്തു.
ഇത്തരമൊരു സാഹചര്യത്തിൽ നൃത്തം ചെയ്യാൻ ധൈര്യം കാണിച്ചതിന് രണ്ട് യുവാക്കൾക്ക് ഒരുവശത്ത് പിന്തുണയും മറുവശത്ത് സാമൂഹിക മാധ്യമങ്ങളിൽ വിദ്വേഷവും നേരിടേണ്ടി വന്നു. അവരെ ഡാൻസ് ജിഹാദ് എന്ന് ചിലർ കുറ്റപ്പെടുത്തി.
21-ാം നൂറ്റാണ്ടിൽ വിവേചനമില്ലാതെ എല്ലാവരുടെയും സാംസ്കാരിക അവകാശങ്ങൾ ഉറപ്പുനൽകാനുള്ള ഒരേയൊരു മാർഗം സാംസ്കാരിക കൂടിച്ചേരലുകളും ക്രിയാത്മകതകളും ശക്തമായി സംരക്ഷിക്കുക എന്നതാണെന്നും കരിമ ബെന്നൂൻ പറഞ്ഞു.
മെഡിക്കൽ വിദ്യാർഥികളായ നവീൻ റസാഖും ജാനകി ഓം കുമാറും തൃശൂർ മെഡിക്കൽ കോളേജ് വരാന്തയിൽ വച്ച് റാസ്പുടിൻ ഗാനത്തിന് വച്ച ചുവടുകൾക്ക് വൻസ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഇതിനിടയിൽ ഇരുവരുടേയും പേരുകളിൽ നിന്ന് വീഡിയോയ്ക്ക് മതം കലർത്താൻ ചിലർ ശ്രമിച്ചെങ്കിലും നിരവധി പേർ നവീനും ജാനകിക്കും പിന്തുണയുമായി എത്തിയിരുന്നു.