തിരുവനന്തപുരം > ദുരിതാശ്വാസ ക്യാമ്പുകളില് എല്ലാ ദിവസവും മെഡിക്കല് സംഘം സന്ദര്ശിക്കണമെന്ന് മന്ത്രി വീണാ ജോര്ജ് ഉന്നതതല യോഗത്തില് നിര്ദേശം നല്കി. അതത് തദ്ദേശസ്ഥാപന പ്രദേശത്തുള്ള ആശുപത്രിയിലെ മെഡിക്കല് സംഘമായിരിക്കും ക്യാമ്പുകള് സന്ദര്ശിക്കുക. ഇടയ്ക്കിടയ്ക്ക് മെഡിക്കല് ക്യാമ്പും സംഘടിപ്പിക്കുന്നതാണ്. പ്രശ്നബാധിത മേഖലകളായ ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പ്രവര്ത്തനങ്ങള് യോഗത്തില് പ്രത്യേകം ചര്ച്ച ചെയ്തു. ഇവിടെ അടിസ്ഥാന സൗകര്യങ്ങളും ചികിത്സയും ഉറപ്പ് വരുത്തിയിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തില് ഈ ജില്ലകളില് കൂടുതല് ശ്രദ്ധിക്കണമെന്ന് ഡി.എം.ഒ.മാര്ക്ക് മന്ത്രി നിര്ദേശം നല്കി. മന്ത്രിയുടെ നേതൃത്വത്തില് നടന്ന ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് നിര്ദേശം നല്കിയത്.
രോഗലക്ഷണങ്ങളുള്ളവരെ പ്രത്യേകം പാര്പ്പിക്കണം. കോവിഡ് പോസിറ്റീവായവരെ ഡിസിസികളിലേക്കോ സിഎഫ്എല്ടിസികളിലേക്കോ മാറ്റണം. പോസിറ്റീവായവരുടെ കുടുംബാംഗങ്ങളെ പ്രത്യേകമായി നിരീക്ഷിക്കണം. ക്യാമ്പുകളില് കഴിയുന്നവരുടെ മാനസികാരോഗ്യം നിലനിര്ത്താന് മാനസിക രോഗ വിദഗ്ധരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. സന്നദ്ധ പ്രവര്ത്തകരും ക്യാമ്പിലുള്ളവരും ഉള്പ്പെടെ മലിനജലവുമായി ബന്ധപ്പെടാന് സാധ്യതയുള്ള എല്ലാവര്ക്കും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന് നല്കേണ്ടതാണെന്നും നിര്ദേശം നല്കി.
ക്യാമ്പുകളിലുള്ള എല്ലാവര്ക്കും കോവിഡ് വാക്സിനേഷന് ഉറപ്പാക്കാണം. ഇതിനായി പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ക്യാമ്പുകളില് കഴിയുന്നവരില് ആദ്യ ഡോസ് വാക്സിന് എടുക്കാനുള്ളവരുടേയും രണ്ടാം ഡോസ് വാക്സിന് എടുക്കാന് കാലാവധിയെത്തിവരുടേയും വിവരങ്ങള് ശേഖരിച്ചു വരുന്നു. അതനുസരിച്ച് അവരുടെ വാക്സിനേഷന് ഉറപ്പ് വരുത്തുന്നതാണ്. വാക്സിന് എടുക്കാത്ത ആരും തന്നെ ക്യാമ്പുകള് സന്ദര്ശിക്കരുത്.
മഴ തുടരുന്നതിനാല് മറ്റ് പകര്ച്ചവ്യാധികള്ക്കും സാധ്യതയുണ്ട്. പകര്ച്ചവ്യാധിയുണ്ടാകാതിരിക്കാന് പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. ക്യാമ്പുകളുടെ പരിസരം കൊതുക് വളരാതിരിക്കാന് പ്രത്യേകം ശ്രദ്ധിക്കണം. തിളപ്പിച്ചാറ്റിയതോ ക്ലോറിനേറ്റ് ചെയ്തതോ ആയ വെള്ളം മാത്രമേ കുടിക്കാന് ഉപയോഗിക്കാവൂ. അവബോധം ശക്തിപ്പെടുത്തും.
ക്യാമ്പുകളില് നിന്നും വീടുകളിലേക്ക് മടങ്ങുന്നവര് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വീടും പരിസരവും ശുചിയാക്കണം. കിണര് ക്ലോറിനേറ്റ് ചെയ്തതിന് ശേഷം മാത്രമേ വെള്ളം ഉപയോഗിക്കാന് പാടുള്ളൂ. പാമ്പ് കടിയേല്ക്കാതിരിക്കാന് പ്രത്യേക ജാഗ്രത പുലര്ത്തണമെന്നും മന്ത്രി അഭ്യര്ത്ഥിച്ചു. ആരോഗ്യ വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറി ഡോ. രാജന് എന്. ഖോബ്രഗഡെ, എന്.എച്ച്.എം. സ്റ്റേറ്റ് മിഷന് ഡയറക്ടര് ഡോ. രത്തന് ഖേല്ക്കര്, ആരോഗ്യ വകുപ്പ് ഡയറക്ടര് ഡോ. വി.ആര്. രാജു, അഡീഷണല് ഡയറക്ടര് ഡോ. മീനാക്ഷി, ഡെപ്യൂട്ടി ഡയറക്ടര്മാര്, ജില്ലാ മെഡിക്കല് ഓഫീസര്മാര്, ജില്ലാ പ്രോഗ്രാം മാനേജര്മാര്, ജില്ലാ സര്വയലന്സ് ഓഫീസര്മാര് എന്നിവര് യോഗത്തില് പങ്കെടുത്തു.