കോട്ടയം: എം.ജി.സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘർഷത്തിൽ എസ്എഫ്ഐ നേതാക്കൾ ബലാത്സംഗ ഭീഷണി മുഴക്കിയെന്ന പരാതിയിൽ എഐഎസ്എഫ് സംസ്ഥാന സമിതി അംഗം നിമിഷ രാജു മൊഴി നൽകി.
യാതൊരു നീതിയും മര്യാദയും പുലർത്താതെയാണ് ആക്രമണം നടന്നത്. സ്ത്രീകളെ ഭയപ്പെടുത്താൻ ഏറ്റവും നല്ല ആയുധം ബലാത്സംഗം ചെയ്യുക എന്ന് ഭീഷണിപ്പെടുത്തുകയാണ്. അത് വളരെ കൃത്യതയോടെയും വ്യക്തതയോടെയും എസ്എഫ്ഐക്കാരുടെ വായിൽ നിന്ന് വരുമ്പോൾ അതിശയിക്കുന്നില്ല. പക്ഷേ, അതുകൊണ്ട് ഞാൻ ഭയപ്പെടില്ല. വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം അടക്കമാണ് ഇത്തരം ആക്രമണം നടത്തിയിട്ടുള്ളത്, മൊഴി നൽകിയ ശേഷം നിമിഷ രാജു പറഞ്ഞു.
വളരെ കൃത്യമായി വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. പേര് ചോദിച്ചാണ് അടിച്ചത്. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുന്നതുവരെ ഒരിഞ്ച് പിന്നോട്ട് പോകില്ല. സ്ത്രീ സമത്വത്തെപ്പറ്റിയും ലിംഗസമത്വത്തെപ്പറ്റിയും സ്ത്രീ സുരക്ഷയെപ്പറ്റിയും മുദ്രാവാക്യം വിളിക്കുന്ന പ്രസ്ഥാനത്തിന്റെ പോരാളികളാണ് കടന്നു പിടിച്ചത്.
ആ പ്രസ്ഥാനത്തിനകത്തെ കള്ള നാണയങ്ങളെ, ആർഎസ്എസിന്റെ രാഷ്ട്രീയം പേറുന്നവരെ തിരിച്ചറിയേണ്ടതുണ്ടെന്നും നിമിഷ രാജു പറഞ്ഞു. വനിതാ കമ്മീഷനിൽ പരാതി നൽകുന്നത് സംബന്ധിച്ചും ആലോചിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി.















