തിരുവനന്തപുരം
പ്രകൃതി ദുരന്തങ്ങളിൽ ജനങ്ങളുടെ സുരക്ഷയ്ക്ക് മാത്രമാണ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. ഈ ഘട്ടത്തിൽ അഭിപ്രായവ്യത്യാസം മറന്ന് ഒറ്റക്കെട്ടായി നിൽക്കണം. ദുരന്തസാധ്യതാ മേഖലകളിലുള്ളവരെ മാറ്റി പാർപ്പിക്കും. ഇതിന് എൻഡിആർഎഫിന്റെ 12 ടീമിനെ വിന്യസിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് കരസേന, നാവികസേന, വ്യോമസേന അംഗങ്ങളും മത്സ്യത്തൊഴിലാളികളും മലയോരപ്രദേശങ്ങളിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
ദുരിതാശ്വാസ ക്യാമ്പുകളിൽ പൊലീസ്, റവന്യൂ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ മുഴുവൻ സമയവും ഉണ്ടാകും. എത്ര ക്യാമ്പുകൾ വേണമെങ്കിലും ആരംഭിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
പ്രളയബാധിതർക്കുള്ള നഷ്ടപരിഹാരം വേഗം നൽകാൻ നിർദേശം നൽകി. നാശനഷ്ടം വിലയിരുത്തി സഹായം പെട്ടെന്ന് ലഭ്യമാക്കും. കാലവർഷം പിൻവാങ്ങുന്ന 26നുതന്നെ തുലാവർഷം ആരംഭിക്കുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ഗൗരവമായി കാണണം. ജാഗ്രതയിൽ വിട്ടുവീഴ്ച പാടില്ല. ദുരന്ത സ്ഥലങ്ങളിൽ ആളുകൾ അനാവശ്യസന്ദർശനം നടത്തരുതെന്നും സമൂഹ മാധ്യമങ്ങൾ വഴി ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു.