ഈ വർഷം ഏപ്രിൽ 19 നാണ് തന്റെ കുഞ്ഞിനെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയെന്നു വ്യക്തമാക്കി പേരൂർക്കട സ്വദേശി അനുപമ പോലീസിൽ പരാതിപ്പെട്ടത്. ആദ്യഘട്ടത്തിൽ കേസെടുക്കാൻ പോലീസ് തയ്യാറായിരുന്നില്ല. സംഭവം മാധ്യമങ്ങളിലൂടെ പുറത്തുവന്നതിനെത്തുടർന്ന് ആറ് മാസത്തിനു ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്.
അതേസമയം മാതാപിതാക്കൾക്ക് ഇഷ്ടമില്ലാത്ത ബന്ധത്തിലുണ്ടായ കുഞ്ഞിനെ കടത്തുന്നതിന് ശിശുക്ഷേമ സമിതി കൂട്ടുനിന്നെന്ന് കുഞ്ഞിന്റെ അമ്മയായ അനുപമ ആരോപിച്ചു. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയും ഡിവൈഎഫ്ഐ നേതാവുമായ ഷിജുഖാനെതിരെയാണ് അനുപമ രംഗത്തുവന്നത്.
നിലവിൽ പേരൂർക്കട പോലീസ് നടത്തുന്ന അന്വേഷണം കേസ് അട്ടിമറിക്കാനാണെന്നും അനുപമ ആരോപിച്ചു. അന്വേഷണ മേൽന്നോട്ടം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി വ്യക്തമാക്കി. നിലവിലെ നിയമങ്ങൾ അട്ടിമറിച്ചുകൊണ്ടാണ് ശിശുക്ഷേമ സമിതി കുഞ്ഞിനെ സ്വീകരിച്ചതെന്നും പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഷിജുഖാൻ പറയുന്നതെന്നും അനുപമ ആരോപിക്കുന്നു.
കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന് ഏപ്രിലിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് പരാതി നൽകിയിട്ടും നടപടിയെടുത്തില്ലെന്ന് അനുപമ പറയുന്നു. വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് ഷിജുഖാൻ വ്യക്തമാക്കി.
ഡിവൈഎഫ്ഐ നേതാവായിരുന്ന അജിത്തുമായുള്ള പ്രണയത്തെത്തുടർന്നാണ് അനുപമ ഗർഭിണിയായത്. അജിത്ത് വിവാഹിതനായതിനാൽ വീട്ടുകാർ ബന്ധം എതിർത്തു. പ്രസവിച്ച് മൂന്നാം ദിവസം സംരക്ഷിക്കാനാണെന്നു പറഞ്ഞ് കൊണ്ടുപോയ കുഞ്ഞിനെ തിരികെ കിട്ടിയില്ലെന്നാണ് അനുപമയുടെ പരാതി.
ജനുവരിയിലാണ് അജിത്ത് വിവാഹമോചനം നേടിയത്. മാർച്ച് മുതൽ ഇരുവരും ഒന്നിച്ചാണ് താമസം. പരാതിക്കാരിയുടെ പിതാവും സിപിഎം നേതാവുമായ ജയചന്ദ്രൻ, അമ്മ സ്മിത ജെയിംസ്, സഹോദരി, സഹോദരീ ഭർത്താവ്, ജയചന്ദ്രന്റെ രണ്ട് സുഹൃത്തുക്കൾ എന്നിവരാണ് കേസിലെ പ്രതികൾ.