സിനിമാ പ്രേക്ഷകര് കാത്തിരുന്ന മമ്മൂട്ടി-കെ മധു- എസ് എന് സ്വാമി കൂട്ടുകെട്ടില് സിബിഐ കഥകളുടെ അഞ്ചാംഭാഗം വരുന്നു. സംവിധായകന് കെ മധുവാണ് സേതുരാമയ്യര് കഥാപാ ത്രത്തിന്റെ അഞ്ചാം ഭാഗം ആരംഭിക്കുന്നതായി ആരാധകരെ അറിയിച്ചത്. സിനിമയുടെ അഞ്ചാം ഭാഗം പിറക്കുന്നതും ചരിത്ര മുഹൂര്ത്തമാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില് കൂട്ടിച്ചേര്ത്തു. സ്വാമിയും ഒന്നിച്ചുള്ള ചിത്രത്തിനൊപ്പമാണ് കുറിപ്പ്.
കെ മധുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ
എന്റെ ഗുരുനാഥന് എം. കൃഷ്ണന് നായര് സാറിന്റെ അനുഗ്രഹാശിസ്സുകളോടു കൂടി സംവിധായകന് ജേസി സാറിനോടൊപ്പം ഞാന് വര്ക്ക് ചെയ്യുന്ന കാലം.ജേസി സാറിന്റെ നിര്ദ്ദേശപ്രകാരം അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ കഥ കേള്ക്കാനായി എറണാകുളത്ത് എയര്ലൈന്സ് ഹോട്ടലില് തിരക്കഥാകൃത്ത് എസ്.എന്. സ്വാമിയുടെ മുറിയില് ഞാന് എത്തി. ചിത്രം അകലത്തെ അമ്പിളി. ഇന്നു കാണുന്ന അതേ സ്വാമി തന്നെയാണ് അന്നും. അങ്ങനെയായിരുന്നു ഞങ്ങള് ആദ്യം കണ്ടുമുട്ടുന്നത്.
പിന്നീട് ഞാന് സംവിധായകനായി. മോഹന്ലാലിനെ നായകനായി അരോമ മണി സാറിന് വേണ്ടി ഒരു ചിത്രം ചെയ്യാന് ആലോചിച്ചപ്പോള് തിരക്കഥാകൃത്തായി ആദ്യം സമീപിച്ചത് ഡെന്നിസ് ജോസഫിനെ ആയിരുന്നു. ഡെന്നീസ് എഴുത്തില് താരമായി നില്ക്കുന്ന കാലമാണ്.തിരക്കുണ്ടെങ്കിലും എന്നോടുള്ള അടുപ്പം മൂലം എഴുതാനാവില്ല എന്ന് പറയാന് ഡെന്നീസ് മടിച്ചു. ഒരു പോംവഴിയായി ഡെന്നീസ് ആണ് എസ്.എന്.സ്വാമിയുടെ പേര് നിര്ദേശിക്കുന്നത്. എറണാകുളത്ത് എസ്.ആര്.എം. റോഡിലെ ഡെന്നീസിന്റെ ഓഫീസിലായിരുന്നു പിന്നീട് ചരിത്രമുഹൂര്ത്തം എന്ന് സ്വാമി ഇടയ്ക്കിടെ വിശേഷിപ്പിക്കുന്ന ഞങ്ങളുടെ ആ സംഗമം നടന്നത്.
ഡെന്നീസ് ഒരു കുഞ്ഞു ചിന്ത മാത്രം പറഞ്ഞു. അത് കേട്ട ശേഷം സ്വാമി മൂകാംബികയില് പോയി മടങ്ങി വന്ന് എഴുത്തു തുടങ്ങി. കുടുംബചിത്രങ്ങള് മാത്രം ചെയ്തിരുന്ന എന്റെയും സ്വാമിയുടെയും ചുവടുമാറ്റം ആയിരുന്നു ആ ചിത്രം. അങ്ങനെ ഇരുപതാംനൂറ്റാണ്ട് പിറന്നു.
പിന്നീട് സ്വാമി എനിക്കുവേണ്ടി ഹൃദയംകൊണ്ട് എഴുതുകയായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അങ്ങനെ സ്വാമിയുടെ ഹൃദയത്തില് നിന്നും പിറന്ന, കൈകള് പിന്നില് കെട്ടി, കുങ്കുമ കുറിയണിഞ്ഞ സേതുരാമയ്യര് എന്ന കുറ്റാന്വേഷകനെ അളന്നു തിട്ടപ്പെടുത്തി ചുവടുവച്ച് മലയാളസിനിമയിലേക്ക് ശ്രീ. മമ്മൂട്ടി എന്ന മഹാനടന് മനസില് ആവാഹിച്ച് കടന്നു വന്നപ്പോള് ഒരു പുതു ചരിത്രം കൂടി രചിക്കപ്പെട്ടു. ലോക സിനിമയില് ആദ്യമായി ഒരേ നായകനും,എഴുത്തുകാരനും, സംവിധായകനുമായി ചേര്ന്ന് ഒരു സിനിമയ്ക്ക് നാല് ഭാഗങ്ങള്.
മമ്മൂട്ടിയും ഞാനും സ്വാമിയും ഒരുമിച്ചുള്ള ആ മുന്നേറ്റം തുടരുകയാണ്. സി.ബി.ഐ.ക്ക് ഒരു അഞ്ചാം ഭാഗം എന്ന സ്വപ്നം പൂവണിയാന് പോകുന്നു. ഒപ്പം ഞാന് നിര്മ്മിച്ച 2 സി.ബി.ഐ. ചിത്രങ്ങളുടെയും വിതരണം നിര്വ്വഹിച്ച സ്വര്ഗ്ഗചിത്ര അപ്പച്ചനും നിര്മ്മാതാവായി ഞങ്ങളോടൊപ്പമുണ്ട്.
ഡെന്നീസ് ജോസഫിന്റെ മുന്നില് വച്ച് ഞങ്ങള് കണ്ടുമുട്ടിയ നിമിഷത്തെ ചരിത്രമുഹൂര്ത്തം എന്ന് സ്വാമി വിശേഷിപ്പിക്കുന്നത് പോലെ, ഞങ്ങള്ക്കെല്ലാം ഇത് ചരിത്ര മുഹൂര്ത്തമാണ്. ഞങ്ങളെ സ്വീകരിച്ച് പ്രോത്സാഹിപ്പിച്ച പ്രേക്ഷകരാണ് ഇനി ഇതിനെ ചരിത്രമാക്കി മാറ്റേണ്ടത്. അതും സാധിക്കുമാറാകട്ടെ…