തിരുവനന്തപുരം
അടച്ചിടലും മഴക്കെടുതിയും കണക്കിലെടുത്ത് സംസ്ഥാനത്ത് ജപ്തി നടപടിക്ക് ഡിസംബർ 31 വരെ മൊറട്ടോറിയം പ്രഖ്യാപിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കർഷകരും മത്സ്യത്തൊഴിലാളികളും ചെറുകിട കച്ചവടക്കാരും എടുത്തിട്ടുള്ള കാർഷിക, വിദ്യാഭ്യാസ, ക്ഷീരവികസന, മൃഗസംരക്ഷണ വായ്പയ്ക്കും ഇത് ബാധകമാണ്. ദേശസാൽക്കൃത ബാങ്ക്, സ്വകാര്യ ബാങ്ക്, എൻബിഎഫ്സി, എംഎഫ്ഐ തുടങ്ങിയവയും സമാനമായി മൊറട്ടോറിയം ദീർഘിപ്പിക്കാൻ റിസർവ് ബാങ്കിനോടും സംസ്ഥാന ബാങ്കേഴ്സ് സമിതിയോടും ആവശ്യപ്പെടാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
ധനസഹായം ഉടൻ
മഴക്കെടുതിയിൽ മരിച്ചവർക്ക് പ്രഖ്യാപിച്ച ധനസഹായ വിതരണത്തിന് എത്രയും പെട്ടെന്ന് നടപടി കൈക്കൊള്ളാൻ വകുപ്പുകൾക്ക് നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
തകർന്ന വീട്, റോഡ്, പാലം എന്നിവയുടെ കണക്കെടുപ്പ് ഉടൻ പൂർത്തിയാക്കും. ദുരന്തബാധിതർക്ക് സാധ്യമായ എല്ലാ സഹായവും പിന്തുണയും സർക്കാർ നൽകും. കിടപ്പാടവും കൃഷിയും മറ്റു സ്വത്തും നഷ്ടപ്പെട്ടവർക്ക് ഉചിതമായ നഷ്ടപരിഹാരം നൽകും. സംസ്ഥാനത്ത് 12 മുതൽ 20 വരെ ദുരന്തങ്ങളിൽ 42 പേർ മരിച്ചു. ഉരുൾപൊട്ടലിൽ മരിച്ച 19 പേരുടെ മൃതദേഹം കണ്ടെത്തി. ആറുപേരെ കാണാതായി. 304 ദുരിതാശ്വാസ ക്യാമ്പിൽ 3851 കുടുംബമാണ് ഇപ്പോഴുള്ളത്. കൂട്ടിക്കലിലും കൊക്കയാറിലും ഉരുൾപൊട്ടിയ വിവരം ലഭിച്ചയുടൻ പൊലീസ്, അഗ്നിശമനസേന, റവന്യൂ–-തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാർ, ജനപ്രതിനിധികൾ എന്നിവരും നാട്ടുകാരും ചേർന്നുള്ള രക്ഷാപ്രവർത്തനമാണ് നടന്നത്. കൂട്ടിക്കൽ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ ആകാശമാർഗമുള്ള രക്ഷാപ്രവർത്തനത്തിനേ സാധിക്കൂവെന്ന ഘട്ടം വന്നു. 24 മണിക്കൂറിനകം ഭൂരിപക്ഷം ആളുകളുടെയും മൃതദേഹം കണ്ടെടുക്കാൻ സാധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.