കൊച്ചി
വ്യാജ പുരാവസ്തുക്കളുടെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പു നടത്തിയ കേസിലെ പ്രതി മോൻസൺ മാവുങ്കലിന്റെ റിമാൻഡ് നവംബർ മൂന്നുവരെ നീട്ടി. ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവു നശിപ്പിക്കാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് എറണാകുളം സിജെഎം കോടതി റിമാൻഡ് നീട്ടിയത്. വീഡിയോ കോൺഫറൻസിലൂടെയാണ് പ്രതിയെ ഹാജരാക്കിയത്.
മോൻസണിന്റെ ജാമ്യാപേക്ഷ നേരത്തേ തള്ളിയിരുന്നു. എച്ച്എസ്ബിസി ബാങ്കിൽ കോടികളുടെ നിക്ഷേപമുണ്ടെന്നു വ്യാജരേഖ ചമച്ച് പലരിൽനിന്നായി കോടികൾ തട്ടിയെടുത്തെന്നാണ് കേസ്. പലപ്പോഴായി പണം നൽകിയവരുടെ പരാതിയിലായിരുന്നു അറസ്റ്റ്.
മോൻസണെതിരെ എറണാകുളം നോർത്ത് പൊലീസ് കഴിഞ്ഞദിവസം പോക്സോകേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ അന്വേഷണം പുരോഗമിക്കുകയാണ്. പെൺകുട്ടിയെ വൈദ്യപരിശോധന നടത്തി. കൂടുതൽ തെളിവുകൾ ശേഖരിച്ചാലുടൻ അറസ്റ്റ് രേഖപ്പെടുത്തും. മോൻസണിന്റെ വീട്ടിൽ ജോലിക്കുനിന്ന സ്ത്രീയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്നാണ് പരാതി.
മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ സിറ്റി പൊലീസ് കമീഷണറുടെ നിർദേശപ്രകാരമാണ് നോർത്ത് പൊലീസ് കേസെടുത്തത്. കേസന്വേഷണം പിന്നീട് മോൻസണെതിരായ മറ്റു കേസുകൾ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് കൈമാറി.