തിരുവനന്തപുരം
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കായി കോവിഡ് വാക്സിൻ വിതരണത്തിനുള്ള നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്ത് നിലവിൽ കോവിഡ് വ്യാപനം നിയന്ത്രണവിധേയമായി. രോഗബാധിതരുടെയും മരിക്കുന്നവരുടെയും എണ്ണം വലിയതോതിൽ കുറഞ്ഞു. ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ നിരക്കും ഗുരുതരമായ കേസും കുറയുന്ന പ്രവണതയുണ്ട്. പുതിയ കേസിന്റെ വർധന നിരക്കിൽ മുൻ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ 17 ശതമാനവും കുറഞ്ഞു. കോവിഡിനെതിരായ പോരാട്ടം തുടങ്ങിയിട്ട് ഒരു വർഷവും ഒമ്പതു മാസവും പിന്നിട്ടു.
ആദ്യ ഡോസ് നൽകിയത് 94.08 ശതമാനത്തിന്
ആദ്യ ഡോസ് എടുത്തവരുടെ എണ്ണം 2.51 കോടി കഴിഞ്ഞു. വാക്സിൻ എടുക്കേണ്ടവരുടെ 94.08 ശതമാനം പേർക്ക് ആദ്യ ഡോസും 46.50 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി. ആകെ 3,75,45,497 ഡോസ് വിതരണം ചെയ്തു.
സെറോ പ്രിവലൻസ് സർവേ പ്രകാരം നിലവിൽ 82 ശതമാനം ആളുകൾ കോവിഡിനെതിരെ രോഗപ്രതിരോധശേഷി ആർജിച്ചു. ഇതിനുശേഷം രോഗം ബാധിച്ചവരുടെ എണ്ണവും വാക്സിൻ കണക്കും വിലയിരുത്തുമ്പോൾ 85–-90 ശതമാനം ആളുകൾക്ക് രോഗപ്രതിരോധശേഷി ഉണ്ടാകാം. കുട്ടികൾക്കിടയിൽ 40 ശതമാനം പേരിലാണ് ആന്റിബോഡി കണ്ടെത്തിയത്. വീടുകൾക്കകത്ത് രോഗവ്യാപനം ഉണ്ടാകാതെ തടയുന്നതിൽ വിജയിച്ചു എന്നതിന്റെ സൂചനയാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.