കൊച്ചി
ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുസ്ലിംലീഗ് പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈൻ അലി ശിഹാബ് തങ്ങളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. ബുധൻ രാവിലെ കൊച്ചിയിലെ ഇഡി ഓഫീസിൽ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യൽ.
ചന്ദ്രിക പത്രത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് മുഈൻ അലി കഴിഞ്ഞ ആഗസ്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ലീഗ് ജനറൽസെക്രട്ടറി കുഞ്ഞാലിക്കുട്ടിക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചിരുന്നു. പാർടി പത്രമായ ചന്ദ്രികയുടെ നടത്തിപ്പിലെ ക്രമക്കേടുകൾക്ക് കുഞ്ഞാലിക്കുട്ടിക്ക് ഉത്തരവാദിത്വമുണ്ടെന്നും 40 വർഷമായി പാർടിയുടെ ഫണ്ട് കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയാണെന്നും മുഈൻ ആരോപിച്ചിരുന്നു.
ചന്ദ്രികയുടെ പണമിടപാട് നടത്തിയിരുന്നത് കുഞ്ഞാലിക്കുട്ടി നിയമിച്ച ഷമീറാണ്. പത്രത്തിന്റെ ഫണ്ട് പാണക്കാട് കുടുംബത്തിലെ ഒരാളും കൈകാര്യം ചെയ്യാറില്ല. പ്രതിസന്ധിക്ക് കുഞ്ഞാലിക്കുട്ടിയാണ് മറുപടി പറയേണ്ടതെന്നും മുഈൻ അലി ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇഡി ചോദ്യം ചെയ്തത്. മുസ്ലിം യൂത്ത് ലീഗ് വൈസ്പ്രസിഡന്റാണ് മുഈൻ. ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങൾ മാധ്യമങ്ങളോട് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീർ എന്നിവരെയും ഇഡി ചോദ്യം ചെയ്തിരുന്നു.